ശബരിമല: സ്റ്റോറിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് പായ്ക്കറ്റ് അരവണ എങ്ങനെ വിറ്റഴിക്കാമെന്ന് തലപുകയ്ക്കുന്ന ദേവസ്വം ബോർഡിന് സ്വകാര്യ വ്യക്തിയുടെ 'ഡ്യൂപ്ലിക്കേറ്റ് അരവണ' വെല്ലുവിളിയാകുന്നു. പന്തളത്തെ സ്വകാര്യ കുടുംബമാണ് കൊട്ടാരവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വൻതോതിൽ അപ്പവും അരവണയും വിൽക്കുന്നത്. എന്നാൽ പന്തളം കൊട്ടാരവും ദേവസ്വം ബോർഡും ഇതിനെതിരെ വാർത്താക്കുറിപ്പിറക്കി. കൊട്ടാരവും ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളും പന്തളത്തെ വ്യാജന്റെ വില്പനയെ സഹായിച്ചു.
ദേവസ്വം ബോർഡിന്റെ 28 ലക്ഷം അരവണ ടിന്നുകളാണ് മാളികപ്പുറത്തും സന്നിധാനത്തുമുള്ള സ്റ്റോറുകളിലുള്ളത്. ഇത് എല്ലാ സീസണിലും കരുതലായുണ്ടാകും. ആവശ്യാനുസരണം ഇതിൽ നിന്നെടുത്ത് പകരം പുതിയത് നിർമ്മിച്ച് സൂക്ഷിക്കുകയാണ് പതിവ്. 35 ലക്ഷം ടിൻ വരെ ഇവിടെ സൂക്ഷിക്കാം. എന്നാൽ ഇക്കുറി വില്പന കുറഞ്ഞതോടെയാണ് സ്റ്റോക്ക് കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഇതോടെ ഉത്പാദനം നാമമാത്രമായി കുറച്ചിരുന്നു.
നിറുത്തിവച്ച അപ്പത്തിന്റെ നിർമ്മാണം ഇന്നലെ പുനരാരംഭിച്ചു. ഒന്നര ലക്ഷം പായ്ക്കറ്റാണ് സ്റ്റോക്കുള്ളത്. ആവിയിലും ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന 180 അപ്പക്കാര യൂണിറ്രുകളാണുള്ളത്. ഒരേസമയം 180 കൂട്ട് അപ്പം വരെ നിർമ്മിക്കാം. എന്നാൽ അപ്പം ഏറെക്കാലം നിർമ്മിച്ച് സൂക്ഷിക്കാനാവില്ല. നിർമ്മാണം നിറുത്തിവച്ചാൽ തിരക്കുള്ളപ്പോൾ വിതരണം ചെയ്യാനും കഴിയില്ല.
'പ്രാദേശിക ക്ഷേത്രങ്ങളിലെ വൃശ്ചിക മഹോത്സവം കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൽ ഭക്തരുടെ എണ്ണം കൂടാനാണ് സാദ്ധ്യത. അതോടെ പ്രതിസന്ധി മാറും.
സുധീഷ്, ദേവസ്വംബോർഡ് എക്സിക്യൂട്ടിവ് ഓഫീസർ
'പന്തളത്ത് ഒരു കുടുംബം അപ്പവും അരവണയും നിർമ്മിച്ച് വിൽക്കുന്നതുമായി പന്തളം കൊട്ടാരം നിർവാഹക സമിതിക്ക് യാതൊരു ബന്ധവുമില്ല. കൊട്ടാരത്തിലുൾപ്പെട്ട കുടുംബമാണ് അത്. എന്നാൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ നടത്തിപ്പിനാണ് അപ്പവും അരവണയും നിർമ്മിച്ച് വിൽക്കുന്നതെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വാസ്തവവിരുദ്ധമാണ്. കേസ് നടത്താൻ കൊട്ടാരത്തിന് ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.
ശശികുമാർ വർമ്മ, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ്