ഇന്ത്യൻ സിനിയിലെത്തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം യന്തിരൻ 2.0 ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ചിത്രം മുന്നേറുന്നു. ശങ്കർ-രജനീകാന്ത് -എ.ആർ റഹ്മാൻ കൂട്ടുകെട്ടിലെ ചിത്രം കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്ഷൻസുമാണ് പ്രധാന ആകർഷണമെന്ന് പ്രേഷകർ പറയുന്നു. പുലർച്ചെ നാല് മണിക്കാണ് കേരളത്തിലടക്കം പലയിടങ്ങളിലും ആദ്യ പ്രദർശനം തുടങ്ങിയത്. കേരളത്തിൽ മാത്രം നാനൂറിലധികം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇന്നലെ രാത്രി തന്നെ ആരാധകരിൽ പലരും തീയേറ്ററുകളിൽ എത്തിയിരുന്നു. 500കോടിയോളം മുതൽ മുടക്കിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പെ 250കോടിയോളം നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 10000ത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രമെത്തിയത്. ഇപ്പോൾ മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നുണ്ട്. മുഴുനീളെ 3ഡി ചിത്രമായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ടോമിച്ചൻ മുളകുപാടം ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഹോളിവുഡ് സൂപ്പർ ഹിറ്റ്മൂവി ട്രാൻസ് ഫോർമേഴ്സിന്റെ ആക്ഷൻ ഡയറക്ടർ കെന്നി ബേറ്റ്സ് ആണ് 2.0 വിന്റെ ആക്ഷൻ ഒരുക്കിയത്.