കേരളത്തിലെത്തുമ്പോൾ സി.പി.എമ്മിനും, സർക്കാരിനുമെതിരെ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്ന പതിവാണ് കോൺഗ്രസ് നേതാവ് എ.കെ.ആന്റണിക്കുള്ളതെന്ന് മന്ത്രി എം.എം.മണി. കുറ്റം പറയാതെ പോയാൽ മോശമാകുമല്ലോ എന്ന് കരുതിയാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്നും എം.എം.മണി പരിഹസിക്കുന്നു. ശബരിമല വിഷയത്തിലും എ.കെ.ആന്റണിയുടെ വിമർശനം അത്തരത്തിൽ ഒരെണ്ണമായിരുന്നു. ശബരിമലയിൽ സി.പി.എമ്മിനും നേതാക്കൾക്കും ഒരു നിലപാട് മാത്രമേ ഉള്ളൂവെന്നും അത് എന്താണെന്ന് ജനത്തിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ സർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസിനും, ബി.ജെ.പിക്കും അത്തരമൊരു നിലപാടില്ല. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന എ.കെ. ആന്റണി കേരളത്തിലെത്തുമ്പോൾ രാഹുൽ ഈശ്വറിന്റെ നിലപാടിനൊപ്പം നിന്ന് ബി.ജെ.പി.യെയും ആർ.എസ്.എസ്സിനെയും പ്രോത്സാഹിപ്പിക്കുന്ന കാഴ്ച ലജ്ജാവഹമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ബി.ജെ.പി. നേതാക്കൾ കൈക്കൊണ്ടുവരുന്ന 'ജനങ്ങളെ വിഢികളാക്കൽ നിലപാടുകൾ ' തന്നെയാണ് കോൺഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.