pranab-mukherjee

ബെംഗളൂരു: നിലവിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കടുത്ത അസംതൃപ്‌തി രേഖപ്പെടുത്തി മുൻ പ്രസിഡന്റ് പ്രണബ് മുഖർജി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ ഘട്ടത്തിൽ യഥാർത്ഥത്തിൽ അഞ്ച്-ആറ് ലക്ഷം കോടി ഡോളറിന്റേതെങ്കിലും ആകേണ്ടതായിരുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇന്നത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2.26 ലക്ഷം കോടി യു.എസ് ഡോളറിന്റേതാണ്‌. ഞാൻ ഇതിൽ സംതൃപ്‌തനല്ല. മുൻ ധനമന്ത്രി എന്ന നിലയിൽ എനിക്ക് തോന്നുന്നത്, നാം ഇതിലും കൂടുതൽ പുരോഗതി കെെവരിക്കേണ്ടതായിരുന്നു എന്നാണ്- പ്രണബ് മുഖർജി പറഞ്ഞു.

ബെംഗളൂരുവിൽ ഗ്രീൻവുഡ് ഹൈ ഇന്റർനാഷണൽ സ്‌കൂളിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രണബ് മുഖർജി അഭിനന്ദിച്ചു. ഐക്യരാഷ്ട്ര സഭയിലെ 184 അംഗ രാജ്യങ്ങളിൽ ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വാ പര്യവേഷണത്തിൽ വിജയംവരിച്ച രാജ്യം ഇന്ത്യ മാത്രമാണെന്നും ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയാണ് ഇന്ത്യയെന്നും മുഖർജി പറഞ്ഞു.