hysis-satellite

ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് സാറ്റ്ലൈറ്റ്)​ വിജയകരമായി വിക്ഷേപിച്ചു. വിജയകഥകൾ തുടരുന്ന ഐ.എസ്.ആർ.ഒയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി ഇത്. പി.എസ്.എൽ.വി സി​​-43 റോക്കറ്റാണ് ഹൈസിസ് ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. രാവിലെ 9.58ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.

യു.എസിന്റെ മാത്രം 23 ഉപഗ്രഹങ്ങളും മറ്റു എട്ട് രാജ്യങ്ങിൽ നിന്നായി എട്ട് ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടാണ് പി.എസ്.എൽ.വി പറന്നുയർന്നത്. ഭൂമിയിൽ നിന്ന് 640 കി.മി അകലെ ഹൈസിസിനെ എത്തിക്കുകയാണ് പി.എസ്.എൽ.വി സി​​​-43യുടെ ദൗത്യം. മറ്റു 30 ഉപഗ്രഹങ്ങളെ 504 കി.മി അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും.

കൃഷി,​ വനസംരക്ഷണം,​ സൈനിക മേഖലകളിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ ഹൈസിസ് പ്രയോജനപ്പെടുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. 380 കിലോഗ്രാമാണ് ഹൈസിസിന്റെ ഭാരം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇതിന് കഴിയും.