പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലുണ്ടായിരുന്നുവെന്ന് പൊലീസ്. ഇക്കാര്യത്തിൽ സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്‌തത്. അതിനാൽ കേസിൽ ഇന്ന് കൂടി വാദം കേൾക്കണമെന്നും പൊലീസ് ആവശ്യപ്പെടും.
ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്‌റ്റ് ചെയ്‌ത സുരേന്ദ്രന് ജാമ്യം ലഭിച്ചുവെങ്കിലും പിന്നീട് തീർത്ഥാടകയെ ആക്രമിച്ച കേസിലും പ്രതിയാക്കി. ആദ്യത്തെ കേസിൽ 22ആം തീയതി സുരേന്ദ്രന് ജാമ്യം ലഭിച്ചുവെന്നും ഇതിന് ശേഷമാണ് പൊലീസ് പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയതെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. സുരേന്ദ്രന് ജാമ്യം അനുവദിച്ചിട്ടും അനധികൃതമായി കരുതൽ തടങ്കലിൽ വച്ചത് കോടതിയലക്ഷ്യമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും അഭിഭാഷകൻ കെ. രാംകുമാർ വാദിച്ചു. എന്നാൽ തീർത്ഥാടകയെ ആക്രമിച്ച കേസിൽ 21ആം തീയതി തന്നെ സുരേന്ദ്രനെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നുവെന്നാണ് പൊലീസ് നിലപാട്. ഇക്കാര്യം ഇന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിക്കും. സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് പൊലീസിന്റെ അടുത്ത നീക്കം.