kadakampalli

തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സഭയുടെ തുടക്കത്തിൽത്തന്നെ സഭ സ്‌തംഭിപ്പിച്ചിട്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് ചെയ്‌ത്. ശബരിമല വിഷയത്തിൽ യു‌.ഡി.എഫ് അപമാനകരമായിട്ടുള്ള അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ കെെകാലിട്ടടിക്കുന്ന ഒരവസ്ഥയിലാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇന്നലെയും ഇന്നുമായി ശബരിമല പ്രശ്‌നം ഉന്നയിച്ച് കൊണ്ട് യു.ഡി.എഫ് നാടകം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം സഭയിൽ വരികയാണെങ്കിൽ അതിനുള്ള മറുപടി തയ്യാറാക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തെ ചൊല്ലി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയ്‌ക്ക് പുറത്തും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ആർ.എസ്.എസും, ബി.ജെ.പിയും ഇതിന് പിന്തുണ നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.