കഴിഞ്ഞ ദിവസം ഗോവയിൽ സമാപിച്ച ഇന്ത്യയുടെ 49-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനായ ചെമ്പൻ വിനോദ് ജോസും മലയാള സിനിമയ്ക്ക് അഭിമാനാ ർഹമായ നേട്ടമാണ് സമ്മാനിച്ചത്.ഇരുവരും നേടിയ രജത മയൂരങ്ങൾ നവതിയിലെത്തി നിൽക്കുന്ന മലയാള സിനിമയ്ക്ക് നവഭാവുകത്വം മാത്രമല്ല പുതിയൊരു മുഖം കൂടി നൽകിയിരിക്കുകയാണ്.പ്രതിഭാസമ്പന്നരായ യുവതലമുറയിൽ മലയാള സിനിമയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ അംഗീകാരങ്ങൾ.
ലിജോ സംവിധാനം നിർവഹിച്ച ഈ മ യൗ എന്ന മലയാള ചിത്രമാണ് ഇരുവർക്കും പുരസ്കാരങ്ങൾ നേടിക്കൊടുത്തത്.മരണം ഓരോ മനുഷ്യരേയും ഏതെല്ലാം രീതിയിൽ ബാധിക്കുന്നുവെന്നത് ഒരു തീരദേശത്തിന്റെ കണ്ണിലൂടെ യഥാതഥമായി ആവിഷ്ക്കരിക്കാനാണ് ഈ മ യൗ എന്നചിത്രത്തിലൂടെ ലിജോ ശ്രമിച്ചത്.അച്ഛന്റെ ശവസംസ്കാരം മാന്യമായി നടത്താൻ ആഗ്രഹിക്കുന്ന ഒരു മകന്റെ വേദനയും പ്രതിസന്ധികളും നിറം കലർത്താതെ യഥാർത്ഥമായി അവതരിപ്പിക്കുന്നതിൽ ഈ സംവിധായകൻ തികഞ്ഞ കൈയ്യടക്കം കാട്ടി.മകന്റെ കഥാപാത്രത്തെ ജീവിതത്തിൽ നിന്നെന്നപോലെ പ്രതിഫലിപ്പിച്ച ചെമ്പൻവിനോദിന് മികച്ച നടനുള്ള അംഗീകാരം കിട്ടിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.അത്ര മികവോടെയാണ് വിനോദ് ആ കഥാപാത്രത്തെ ഉൾക്കൊണ്ടത്.
മലയാള സിനിമയിലേക്ക് പുതിയൊരു കൂട്ടം ചെറുപ്പക്കാർ കടന്നുവരികയും തങ്ങളുടേതായ ശൈലിയിൽ മികച്ച ചിത്രങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന കാലമാണിത്.ആ പ്രതിഭാശാലികളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ലിജോയെടുത്ത ആറുചിത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.സിനിമയെ നിയതമായ ഒരു കള്ളിയിൽ തളച്ചിടാതെ പുതിയ പരീക്ഷണങ്ങൾക്കു മുതിരാനുള്ള ഈ ചെറുപ്പക്കാരന്റെ തന്റേടം മലയാള സിനിമയ്ക്ക് തന്നെ നേട്ടമായി മാറി. എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിക്കുന്നതാകണം സിനിമയെന്ന് വിശ്വസിക്കുകയും തന്നിൽ ആവേശം പകരുന്ന കഥകൾ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ലിജോയുടെ രീതി.ലോക സിനിമയിലെ മാറ്റങ്ങൾ തിരിച്ചറിയുകയും കാലാനുസൃതമായ മാറ്റങ്ങൾ മലയാളത്തിലും വേണമെന്ന വാശിയോടെ നടത്തുന്ന പരീക്ഷണങ്ങൾ എല്ലാം വിജയിക്കണമെന്ന് നിർബന്ധം പിടിക്കേണ്ടതുമില്ല.അവയിൽ ചിലതൊക്കെ പരാജയപ്പെട്ടുവെന്നും വരാം.അങ്ങനെ പരാജയപ്പെട്ടുപോയ പരീക്ഷണങ്ങളിൽ നിന്ന് ഉയിർക്കൊണ്ടതാണ് മികവുറ്റ കലാസൃഷ്ടികളെല്ലാം.നായകൻ എന്ന സിനിമയിൽ തുടങ്ങി ഈ മ യൗ വിൽ എത്തി നിൽക്കുന്ന ലിജോയുടെ ആമേൻ,അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾ വലിയനിലയിൽ പ്രേക്ഷകാംഗീകാരവും നേടിയിരുന്നു .
അഭിനേതാക്കളുടെ കാര്യമെടുത്താൽ മലയാള സിനിമയെന്നും അനുഗൃഹീതമാണ്.മലയാളത്തിലേപോലെ മികച്ച നടീനടൻമാരെ ഇന്ത്യയിലെ മറ്റൊരു ഭാഷയിലും കണ്ടെത്തുക എളുപ്പവുമല്ല.ആ ശ്രേണിയിലേക്കാണ് ചെമ്പൻ വിനോദ് ജോസ് വന്നിരിക്കുന്നത്.ലഭിക്കുന്ന കഥാപാത്രങ്ങൾ ഏതുതന്നെയായാലും അവയിലെല്ലാം തന്റെയൊരു കൈയ്യൊപ്പ് പതിപ്പിക്കാൻ ഈ നടൻ പ്രത്യേകം ശ്രമിക്കുന്നു.നടൻ എന്നതിനൊപ്പം തിരക്കഥാകൃത്തുകൂടിയാണ് വിനോദ്. അങ്കമാലി ഡയറീസിന്റെ തിരക്കഥ രചിച്ചത് വിനോദായിരുന്നു.ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും.ലിജോയുടെ ആദ്യചിത്രത്തിലൂടെ നടനായി മാറിയ വിനോദ് ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യഘടകമാണ്.
ഇത്തവണ ഗോവയിൽ മലയാളം തിളങ്ങിയ വർഷമായിരുന്നു.ഇന്ത്യൻ പനോരമയിൽ ആറു കഥാചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. പനോരമയുടെ ഉദ്ഘാടന ചിത്രം ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത ഓള് ആയിരുന്നു.കഥേതര വിഭാഗത്തിലും മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമായിരുന്നു.രാജ്യാന്തര പുരസ്കാരം നേടിയ ലിജോയേയും വിനോദിനേയും ഒപ്പം മലയാള സിനിമയുടെ കൊടി പാറിച്ച എല്ലാവരേയും ഞങ്ങൾ അഭിനന്ദിക്കുന്നു.ഇക്കുറി ഗോവൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ ഡെലിഗേറ്റുകളിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.സിനിമയെ മലയാളി എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവുകൂടിയാണത്.
ഈ യുവ പ്രതിഭകൾക്കു ലഭിച്ച പുരസ്കാരങ്ങൾ സിനിമയെ തങ്ങളുടെ വരുതിയിൽ നിറുത്താൻ ശ്രമിക്കുന്നവർക്കും അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ വിലക്കി അകറ്റാൻ നോക്കുന്നവർക്കുമുള്ള ഒരു സന്ദേശം കൂടിയാണ്.മലയാള സിനിമയിലെ ചില തെറ്റായ പ്രവണതകളെ ചോദ്യം ചെയ്തതിന്റെ പേരിൽ ചില നടികളെ സിനിമയിൽ അവസരം നൽകാതെ മാറ്റിനിറുത്താനുള്ള ശ്രമം പ്രകടമാണ്.അതിനുള്ള ഉദാഹരണത്തിന് അത്രദൂരം സഞ്ചരിക്കേണ്ടതില്ല.കഴിഞ്ഞതവണ ഗോവയിൽ മികച്ചനടിക്കുള്ള അവാർഡ് നേടിയ പാർവ്വതിക്ക് ഇപ്പോൾ നേരിടേണ്ടിവരുന്ന അവഗണന മാത്രം നോക്കിയാൽ മതിയാകും.
കലകൾ പാരമ്പര്യാധിഷ്ഠിതമാണ്.പക്ഷേ ,അത് അനുസ്യൂതം പരിണമിച്ചുകൊണ്ടിരിക്കണം.പാരമ്പര്യം
ഊർജ്ജ്വസ്വലമാകുന്നില്ലെങ്കിൽ. ,സജീവമാകുന്നില്ലെങ്കിൽ,അത് ചത്തടിഞ്ഞ ഒരു പുരാതനജീവിയുടെ ജീർണ്ണിച്ച അവശിഷ്ടം പോലെ വികൃതമായി തീരും.സിനിമ മഹത്തായ കലയാണ്.അത് അതിന്റെ പഴയ ഫ്രെയിമിൽ നി്ന്ന് മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കണം.നമ്മുടെ മലയാള സിനിമ പരിണമിച്ചുകൊണ്ടിരിക്കുകയാണ്.പുതിയ സിനിമ മാറുന്ന കാലത്തിന്റെ മൂല്യങ്ങളേയും സങ്കല്പങ്ങളേയും സ്വാംശീകരിക്കുന്നു.അത് പഴയകാലത്തിന്റെ പതിഞ്ഞ താളത്തിൽ നിന്ന് പുതിയ കാലത്തിന്റെ ദ്രുത താളത്തിലേക്ക് കുതിക്കുകയാണ്.