enthiran

ചിട്ടി, വേർഷൻ 2.0, സ്പീഡ് 1 ടെറാ ബൈറ്ര്, മെമ്മറി 1 ജിഗാ ബൈറ്റ്...

ഇത് ചിട്ടി റോബോയുടെ പുതിയ പതിപ്പ്. സ്പീഡും മെമ്മറിയും പഴയത് തന്നെയെങ്കിലും 2.0യ്ക്ക് മിടുക്കും കരുത്തും ഇത്തിരി കൂടും. ബോളിവുഡ് ചിത്രങ്ങളോട് വെല്ലുന്ന ഗ്രാഫിക്സുമായെത്തിയ യെന്തിരന്റെ പ്രേക്ഷകർ കാത്തിരുന്ന രണ്ടാം പതിപ്പായ 2.0 റോബോയുമായി ശങ്കർ എത്തുമ്പോൾ ചിട്ടിയുടെ മട്ടും മാതിരിയും മാറി. ഒപ്പം പ്രൊഫസർ ബോറയേക്കാൾ കരുത്തനായ വില്ലനുമെത്തുമ്പോൾ ഒരു മുഴുനീളൻ ആനിമേഷൻ റോബോ ത്രില്ല‌ർ സമ്മാനിക്കുന്നുണ്ട് 2.0.

akhay-kumar

വസീഗരൻ തിരക്കിലാണ്

പ്രൊഫസർ വസീഗരൻ (രജനികാന്ത്) എട്ടു വർഷങ്ങൾക്കിപ്പുറവും തന്റെ പരീക്ഷണ ശാലയിൽ തിരക്കിലാണ്. ചിട്ടി റോബോ മ്യൂസിയത്തിലാണെങ്കിലും നിലാ (എമി ജാക്സൺ) എന്ന പുതിയ ഹ്യൂമണോയിഡ് റോബോട്ടുമായി അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞു. വസീഗരനെ കാണാനെത്തുന്ന ഒരു കൂട്ടം വിദ്യാർത്ഥികളിലൂടെ‌ എട്ടു വർഷത്തെ കഥകളൊന്നും പങ്കുവയ്ക്കാതെ ചിത്രം കാര്യത്തിലേക്ക് കടക്കുകയാണ്. നാട്ടിലെ ജനങ്ങളുടെ മൊബൈൽ ഫോണുകൾ സംസാരിച്ചുകൊണ്ടിരിക്കെ ആകാശത്തേക്ക് അപ്രത്യക്ഷമാകുന്ന വിചിത്ര പ്രതിഭാസം നാടിനെയാകെ പരിഭ്രാന്തിയിലാഴ്ത്തുന്നു. ഇതെന്താണെന്നറിയാനുള്ള അന്വേഷണത്തിൽ മനുഷ്യനെ വെല്ലാൻ കരുത്തുള്ള ഒരാൾക്ക് മാത്രമേ ഈ മൊബൈൽ വില്ലനെ ഒതുക്കാൻ സാധിക്കൂ എന്നറിയുന്നു. പിന്നെ മ്യൂസിയത്തിൽ സൂക്ഷിച്ച ചിട്ടി റോബോയുടെ പുനർനിർമ്മാണത്തിനായി ഏറെ കാത്തിരിക്കേണ്ടിവരില്ല. ചിട്ടി റോബോ വീണ്ടുമെത്തുകയാണ്. ഒരല്പം സയൻസിനൊപ്പം ഏറെ ഫിക്‌ഷനും ചേർത്തുകൊണ്ടാണ് 2.0യുടെ 'റോബോട്ടിക്സ്".

amy-jackson

ചിട്ടിക്കും മേലെ വില്ലൻ

ചിട്ടിയും മൊബൈൽ ഫോൺ വില്ലനും തമ്മിലുള്ള യുദ്ധം ആദ്യ പകുതിയോടെ തന്നെ ആരംഭിക്കും. എന്നാൽ ചിട്ടിയേൽ ഒരു പടി അധികം കരുത്തനായ പക്ഷിരാജ (അക്ഷയ് കുമാർ) എന്ന വില്ലനാണ് ആദ്യ പകുതിയിൽ താരമാകുന്നത്. ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കുന്ന പക്ഷിരാജ രൂപം കൊണ്ടു തന്നെ ആവേശം നിറക്കുന്നു. മൊബൈൽ ഫോണുകൾ കൊണ്ട് തീർത്ത വില്ലൻ രൂപമാകും ചിട്ടിയേക്കാളേറെ പ്രേക്ഷകരെ ആവേശത്തിലെത്തിക്കുക. ഇടവേളയ്ക്ക് മുമ്പായി പക്ഷിരാജയുടെ കഥയും ചുരുളഴിയുന്നതോടെ മുഴുനീളൻ യുദ്ധത്തിനുള്ള സ്കോപ്പ് നൽകി ആദ്യ പകുതി അവസാനിക്കും. യന്ത്ര ലോകത്തിന്റെ കഥയിലൂടെ യന്ത്രവത്കരണത്തിന്റെയും മൊബൈൽ ലോകത്തിന്റെയും ദൃഷ്യഫലങ്ങൾ ചൂണ്ടിക്കാട്ടുക എന്ന സാമൂഹ്യ പ്രതിബദ്ധത കൂടി ചിത്രം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയിൽ പൊതിഞ്ഞുള്ള വില്ലന്റെ ഫ്ലാഷ്ബാക്ക് അല്പം അതിശയോക്തിയുണ്ടാക്കുന്നു എന്നും പറയാതെ വയ്യ.

rajnikanth

2.0 അടിതടകൾ

വില്ലനോട് മുട്ടാൻ ചിട്ടിയുടെ മികച്ച വേർഷനായ 2.0 എത്തുന്നതോടെ രണ്ടാം പകുതി റോബോ യുദ്ധക്കളമായി മാറുന്നു. യെന്തിരന്റെ പഴയ യുദ്ധ മുറകൾക്ക് മൂർച്ഛ കൂട്ടിയാണ് ചിട്ടിയെത്തുന്നതെങ്കിലും വില്ലന്റെ ശക്തി ചോർത്താൻ പ്രയാസപ്പെടുന്നുണ്ട്. ഏറെ നേരം നീളുന്ന ഫൈറ്റ് രംഗങ്ങൾ ആവേശം കൊണ്ടും കാഴ്ചാ വൈവിദ്ധ്യം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കും. ഒരു ശങ്കർ ചിത്രത്തിന്റെ ആർഭാഡം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് കാണാൻ ഏറെയുണ്ടിവിടെ. ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ആക്‌ഷൻ രംഗങ്ങൾ തന്നെയാണ് 2.0 യെയും വ്യത്യസ്തമാക്കുന്നത്. ചിട്ടിക്കൊപ്പം നിലാ എന്ന പെൺ റോബോയുടെ ബുദ്ധിപരമായ ഇടപെടലുകളും കഥയിൽ നിർണായകമാകുന്നു. എന്നാൽ വില്ലന്റെ കഥയ്ക്ക് വേണ്ടത്ര ശക്തിയില്ലാതെ പോകുന്നത് അല്പം വിരസമായേക്കും. പകരം റോബോ കാഴ്ചകൾ ആഗ്രഹിക്കുന്ന പ്രക്ഷേകരെ ആവോളം തൃപ്തിപ്പെടുത്താനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒപ്പം എ.ആർ.റഹ്‌മാന്റെ സംഗീതവും നീരവ് ഷായുടെ ഛായാഗ്രഹണവും കൂടി ചേരുമ്പോൾ കാഴ്ചകളുടെ ആവേശം ഇരട്ടിയാകുന്നുണ്ട്.

enthiran

ഇടയിലൊരു റോബോ പ്രണയം

ചിട്ടിയെ പോലെ വികാരങ്ങളും വിചാരങ്ങളുമുള്ള നിലാ റോബോ കൂടിയെത്തുന്ന 2.0 ഒരു റോബോ പ്രണയ കഥയ്ക്കും അവസരം നൽകുന്നുണ്ട്. സന- വസീഗർ പ്രണയം പ്രമേയമായ ഒന്നാം പതിപ്പിൽ നിന്ന് വ്യത്യസ്തമായി ചിട്ടി- നിലാ പ്രണയകഥയ്ക്കാണ് 2.0 പരവതാനി വിരിക്കുന്നത്. വസീഗരന്റെ കാമുകി സനയെ രണ്ട് ഫോൺകോളുകളിലേക്ക് ചുരുക്കി നിലാ- ചിട്ടി ജോഡികൾ സ്ക്രീനിൽ നിറയും. വില്ലനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണയിക്കാൻ ഇവർക്ക് കൂടുതൽ അവസരം ലഭിക്കുന്നില്ലെങ്കിലും 'ഹൃദയം" കൈമാറാൻ റോബോകൾ മറക്കുന്നില്ല.

പാക്കപ്പ് പീസ്: ഒരല്പം സയൻസ്, ഒത്തിരി ഫിക്‌ഷൻ - ഇത് റോബോ ത്രില്ലർ