കൊച്ചി:ശബരിമല പ്രശ്‌നത്തിൽ പിന്നോട്ടില്ലെന്നും, ലക്ഷ്യം കെെവരിക്കുംവരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. ശബരിമലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ പിൻവലിക്കണം. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോർജ് അടക്കമുള്ളവരുടെ കടന്നുവരവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസിൽ കുടുക്കുന്നത്. സർക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകൾക്ക് മുന്നിൽ മുട്ട് മടക്കാൻ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകൾ പിൻവലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്.
ഇതിൽ നിന്ന് ബിജെപി പിൻമാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.ശബരിമല കർമസമിതിയാണ് സമരങ്ങൾ നടത്തുന്നത്. അതിന് പൂർണ പിന്തുണ നൽകുക മാത്രമാണ് ബിജെപി ചെയ്യുന്നതും, അതാണ് നിലാപാടും. ദേശീയ അധ്യക്ഷന്റെ നിർദേശമനുസരിച്ച് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപിമാരുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.