തിരുവനന്തപുരം: ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിൽ പണം ഇടരുതെന്ന സാമൂഹ്യ മാദ്ധ്യമങ്ങളിലെ സംഘപരിവാർ പ്രചാരണം ദേവസ്വം ബോർഡിന് കീഴിലുള്ള 1260 ഓളം വരുന്ന ക്ഷേത്രങ്ങളെയും, ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 13000 ത്തോളംപേരെയും തകർക്കാനാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. വർഷങ്ങളായി തകർന്ന് കിടക്കുന്ന ക്ഷേത്രങ്ങളെ നന്നാക്കാതെ ശബരിമലയെ മാത്രം നന്നാക്കിയാൽ മതിയെന്ന സംഘപരിവാർ നിലപാട് രാഷ്ട്രീയ മുതലെടുപ്പിനായാണ്. പത്മകുമാർ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
എണ്ണം കുറഞ്ഞിട്ടില്ല, ക്രമീകരണം നല്ലത്
ശബരിമല തീർത്ഥാടനം ഭക്തർക്ക് ബുദ്ധിമുട്ടുകളില്ലാതെ കൂടുതൽ ക്രമീകൃതമായി നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. സംഘർഷമുണ്ടാക്കാൻ വരുന്നവർക്കാണ് ബുദ്ധിമുട്ട്. മണ്ഡലകാലം തുടങ്ങി ഇത്രയും ദിവസം പരിശോധിച്ചാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഭക്തരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നാണ് മനസിലാകുന്നത്.
കാരണം പ്രശ്നക്കാർ
സംഘപരിവാറുകാർ ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റുന്നതിനാൽ ചില ഭക്തന്മാർ അങ്ങോട്ടേയ്ക്ക് തത്കാലത്തേയ്ക്ക് പോവാതിരിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ കക്ഷി, രാഷ്ട്രീയ ഭേദമേന്യേ എല്ലാവരും ശ്രമിക്കണം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നത് പ്രശ്നക്കാർ കാരണമാണ്.
പിള്ള മനസിൽ കള്ളമില്ല
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തുറന്ന് പറഞ്ഞത് യുവതീ പ്രവേശനത്തിനെതിരായല്ല, മറിച്ച് കമ്മ്യൂണിസത്തിനെതിരായാണ് അവരുടെ സമരമെന്നാണ്. പിള്ള മനസിൽ കള്ളമില്ലെന്ന് അതോടെ തെളിഞ്ഞുകഴിഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം വേണം എന്ന് ദേവസ്വം ബോർഡ് ഒരിക്കലും നിർബന്ധം പിടിച്ചിട്ടില്ല. ആർ.എസ്.എസ് ഉൾപ്പടെയുള്ളവരാണ് യുവതീ പ്രവേശനത്തിനായി ആദ്യം വാദിച്ചത്. എന്നാൽ സർക്കാരിനെതിരായ രാഷ്ട്രീയ മുതലെടുപ്പിനായാണ് ബി.ജെ.പിയും സംഘപരിവാറും നിലപാട് മാറ്റി അക്രമം അഴിച്ച് വിടുന്നത്.
തീരുമാനിക്കുന്നത് ബി.ജെ.പിയല്ല
ബി.ജെ.പിയിൽ മെമ്പർഷിപ്പുണ്ടെങ്കിലേ വിശ്വാസിയാവൂ എന്നാണ് ച്രചാരണം. ആരാണ് ശരിക്കുള്ള ഹൈന്ദവർ എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിയല്ല. സാവകാശ ഹർജിയിൽ പ്രതീക്ഷ പ്രളയംമൂലം ശബരിമലയിലുണ്ടായ പ്രശ്നങ്ങൾ, തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും അവിടെയുണ്ടായ പ്രത്യേക അവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങളാണ് സാവകാശ ഹർജിയിൽ ദേവസ്വം ബോർഡ് ഉന്നയിച്ചിട്ടുള്ളത്. ഹർജിയിൽ വലിയ പ്രതീക്ഷയാണുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് നിറുത്തണം.
രണ്ട് ദിവസത്തെ യുവതീ പ്രവേശനം
രണ്ട് ദിവസമായി യുവതീ പ്രവേശനം നിജപ്പെടുത്താമെന്ന ആലോചന ദേവസ്വം ബോർഡ് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. അങ്ങനെ വന്നാൽ സർക്കാരുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രി കുടുംബവുമായും ആലോചിച്ച് മാമ്രേ ചെയ്യൂ.
രാഷ്ട്രീയ പ്രവർത്തനത്തിന് പോകരുത്
കേന്ദ്രമന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും രാഷ്ട്രീയ പ്രവർത്തനത്തിനാണ് ശബരിമലയിൽ പോകുന്നതെങ്കിൽ അത് തെറ്റാണ്. കേന്ദ്രമന്ത്രിമാർതന്നെ സുപ്രീംകോടതി വിധി ലംഘിക്കാൻ ഇറങ്ങുന്നു എന്ന തരത്തിലാണ് കാര്യങ്ങൾ പോവുന്നത്. എസ്.പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് എയ്രോ മാന്യമായാണ് സംസാരിച്ചത്. എന്നാൽ രാജാവിനേക്കാൾ തലക്കനം പട്ടാളക്കാരനുണ്ടാകും എന്ന തരത്തിൽ ഒപ്പമുണ്ടായിരുന്ന ഒരു ബി.ജെ.പി നേതാവ് അദ്ദേഹത്തെ ഭരിക്കാൻ ചെന്നപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്.
ആക്ടിവിസ്റ്റുകളുടെ മലകയറ്റം
ആക്ടിവിസ്റ്റുകളായ ചില യുവതികൾ പബ്ലിസിറ്റിക്ക് വേണ്ടിയാണ് മല ചവിട്ടാൻ ഒരുങ്ങിയത്. അത്തരക്കാരോട് ദേവസ്വം ബോർഡിന് വിയോജിപ്പാണ്. ഇത്തരം കാട്ടിക്കൂട്ടലുകൾമൂലം സാധാരണക്കാരായ ഭക്തർക്ക് പ്രശ്നങ്ങളുണ്ടാവരുത്.