ramesh-chennithala

തിരുവനന്തപുരം: ശബരിമല വിഷയത്തെ പരിഗണിക്കാത്ത നിലപാട് സ്പീക്കർ സ്വീകരിച്ചതാണ് പ്രതിപക്ഷത്തെ സഭാ നടപടികൾ തടസപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്ന് സ്പീക്കർ നടപടികളുമായി മുൻപോട്ട് പോയി. ചോദ്യോത്തര വേള കഴിഞ്ഞ് പോലും ചർച്ച അനുവദിക്കാമെന്ന് സ്പീക്കർ പറഞ്ഞില്ല. സാധാരണ പ്രതിപക്ഷം നോട്ടീസ് നൽകിയാൽ ചർച്ച അനുവദിക്കാൻ നിർവ്വാഹമില്ലെങ്കിൽ റൂൾ 50 അനുസരിച്ച് സീറോ അവറിൽ അതിനുള്ള അവസരം ഒരുക്കേണ്ടതാണ്. അത് പോലും അനുവദിക്കാമെന്ന് സ്പീക്കർ പറയാത്ത സാഹചര്യത്തിലാണ് സഭാ നടപടികൾ തടസപ്പെടുത്തേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ വാക്കിൽ നിന്ന് ശബരിമലയിലെ പ്രശനങ്ങൾ ചർച്ചയ്‌ക്കെടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ തീർത്ഥാടകർ ഏറ്റവും കൂടുതൽ വരുന്ന സമയത്ത് പോലും കുറവുണ്ടായത് പൊലീസ് നിയന്ത്രണങ്ങളും ബി.ജെ.പി ആക്രമങ്ങളുമാണെന്നും ചെന്നിത്തല ആരോപിച്ചു. ദേവസ്വം ബോർഡ് സാവകാശം തേടി കോടതിയെ സമീപിച്ചതോടെ യുവതികൾ വരുന്നു എന്ന പ്രശ്നം ഇപ്പോൾ ഇല്ല. അത് കൊണ്ട് ശബരിമലയിലെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.