nannangadi

ഫറോക്ക് :ഫറോക്കിലെ സ്‌ക്കൂൾ വളപ്പിൽ നിന്നും ലഭിച്ച നന്നങ്ങാടിയിൽ പുരാതനകാലത്തെ മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും എല്ലിന്റെ അവശിഷ്ടങ്ങളും. നല്ലൂർ ഗവ: എൽ പി സ്‌കൂളിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയ.നന്നങ്ങാടിക്കുള്ളിൽ പുരാവസ്തു ഗവേഷണ സംഘം നടത്തിയ അവസാന ഘട്ട പരിശോധനയിലാണ് ശിലായുഗ കാലഘട്ടത്തിലെത്തിലെ മൺപാത്രങ്ങളും,ആയുധങ്ങളും മറ്റും ലഭിച്ചത് .

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഉത്ഖനനത്തിനൊടുവിൽ ഇന്നലെ പഴശ്ശിരാജ മ്യൂസിയം ഇൻചാർജ് ഉദ്യോഗസ്ഥനായ കൃഷ്ണരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചത് . 13 സെന്റീമീറ്റർ നീളമുള്ള രണ്ടു ഉളിയും 14 സെന്റീമീറ്റർ വീതിയും 16 നീളമുള്ള രണ്ടു മൺപാത്രങ്ങളും 13 സെന്റീമീറ്റർ നീളമുള്ള ചൂണ്ടയ്ക്ക് സമാനമായ കൊളുത്തുമാണ് നന്നങ്ങാടിയിൽ നിന്ന് ലഭിച്ചത്. ലഭിച്ച വസ്തുക്കൾ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് വൈകിട്ടോടെതന്നെ ഉദ്യോഗസ്ഥർ കൊണ്ടുപോയി.നിലവിൽ നന്നങ്ങാടി കണ്ടെത്തിയ സ്‌കൂൾ പരിസരം പഴയ കാലത്തെ ശ്മശാനം ആണെന്നാണ് പുരാവസ്തു വകുപ്പിന്റെ അഭിപ്രായം . സമാനനിലയിലുള്ള രണ്ടാമത്തെ നന്നങ്ങാടി ചൊവ്വാഴ്ച തുറന്നെങ്കിലും ശേഷിപ്പുകൾ ഒന്നുമുണ്ടായിരുന്നില്ല . മരണാനന്തര ജീവിതത്തിൽ വിശ്വസിച്ച ഒരു സമൂഹം ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പുരാവസ്തു വകുപ്പ് .