vayalkili-samaram
വയൽക്കിളികളെ സന്ദർശിക്കാൻ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ എത്തിയപ്പോൾ, വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സമീപം (ഫയൽ ചിത്രം)

കണ്ണൂർ: 'കീഴാറ്റൂർ' എന്ന പേര് രാജ്യത്തിന് പരിചിതമായത് പ്രകൃതി സംരക്ഷണത്തിന് വേണ്ടിയുള്ള വയൽക്കിളികളുടെ സമര പോരാട്ടങ്ങളിലൂടെയാണ്. എന്നാൽ അവരുടെ പ്രതീക്ഷകൾ ഇരുളടഞ്ഞിരിക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായ ബൈപാസ് കീഴാറ്റൂർ വയലിലൂടെതന്നെയെന്ന് വ്യക്തമാക്കി ദേശീയപാത അതോറിട്ടിയുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തുവന്നു.

നെൽവയൽ നികത്തിയുള്ള റോഡ് നിർമ്മാണത്തിനെതിരെ സമരവുമായി സി.പി.എം പ്രവർത്തകരായിരുന്ന വയൽക്കിളികൾ രംഗത്തിറങ്ങിയപ്പോൾ സി.പി.എം ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും പിന്തുണച്ചു. വയൽ നികത്തിയുള്ള അലൈൻമെന്റ് തിരുത്തിക്കുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് പക്ഷേ, അതിനായില്ല. വയൽക്കിളികൾ തെറ്റുതിരുത്തി പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിലടക്കം തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. അദ്ദേഹം 'ഫ്ലാഷു'മായി സംസാരിക്കുന്നു:

കുമ്മനത്തിന് ആത്മാർത്ഥത

ബി.ജെ.പി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അവർ ഞങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന് പറയുന്നത് വളരെ ഗതികേടാണ്. ബി.ജെ.പി വയൽക്കിളികളോട് നല്ല നിലപാടാണ് എടുത്തത്. പക്ഷെ അത് പ്രാവർത്തികമാക്കാൻ അവർക്ക് കഴിഞ്ഞില്ല. കോർപ്പറേറ്റ് വികസനത്തിന്റെ ഭാഗമായി ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും. ഡൽഹി ചർച്ചയിൽതന്നെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണ് ബി.ജെ.പി നേതൃത്വം നടത്തിയത്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാത്രമാണ് ഞങ്ങളോട് ആത്മാർത്ഥത ഉണ്ടായിരുന്നത്. അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ സംഭവിച്ചതൊന്നും നടക്കില്ലായിരുന്നു.

സമരരീതി തീരുമാനിക്കും

പ്രളയം കേരള സമൂഹത്തിന് വലിയ അനുഭവങ്ങളാണ് നല്കിയത്. നെൽവയലുകൾ സംരക്ഷിക്കേണ്ടതാണെന്ന അറിവ് ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്കുപോലുമുണ്ട്. അതുകൊണ്ട് വയൽക്കിളികളുടെ സമരത്തിന് ഇനിയും പ്രസക്തിയുണ്ട്. അതിന് കൂടുതൽ ശക്തി കൈവരും. സമരം എങ്ങനെ വേണമെന്ന് വരുംദിവസങ്ങളിൽ തീരുമാനിക്കും. നാടിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കാൻ വയൽക്കിളികൾ ജാഗരൂകരാണ്. ഇവരാരും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപോലും സമരം ചെയ്യും.

vayalkili-samaram

പരിഗണിച്ചാൽ കൈകൊടുക്കും

മേധാപട്കർ നടത്തിയ ന‌ർമ്മദാ ആന്തോളൻ സമരം പരാജയപ്പെട്ടിരുന്നു. എന്നാൽ ആ സമരം ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. അതുതന്നെയാണ് വയൽക്കിളികളുടെ മാതൃകയും. സി.പി.എമ്മോ ബി.ജെ.പിയോ കോൺഗ്രസോ എന്നല്ല ഞങ്ങൾ നോക്കുന്നത്. ഞങ്ങളുടെ നിലനിൽപ്പാണ് പ്രശ്നം. പി.ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ഞങ്ങളുടെ ആവശ്യം പരിശോധിച്ച് പരിഗണിക്കാൻ തയ്യാറായാൽ കൈ കൊടുക്കാൻ ഞങ്ങളും മുന്നോട്ട് വരും. സി.പി.എമ്മും സംസ്ഥാന സർക്കാരും മനസുവച്ചാൽ നടപ്പിലാക്കാവുന്നതേയുള്ളൂ ഇത്. ഞങ്ങൾ ആരോടും മത്സരിക്കാനോ യുദ്ധത്തിനോ ഇല്ല. നിലനിൽപ്പിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്.

ചെറുത്തുനിൽക്കും

1940 മുതൽ കീഴാറ്റൂർ സമര പാരമ്പര്യമുള്ള നാടാണ്. സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം പരസ്യപ്പെടുത്തിയാലും ഞങ്ങൾ അതിനെ ചെറുത്തുനിൽക്കും. ഇക്കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട.

അംഗീകരിച്ചാൽ മടങ്ങിപ്പോക്ക് ആലോചിക്കാം

വയൽക്കിളികൾ ഉയർത്തിയ മുദ്രാവാക്യമുണ്ട്. അത് അംഗീകരിക്കാൻ സി.പി.എം തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. കീഴാറ്റൂർ നെൽവയൽ ഒഴിവാക്കി ബൈപാസ് നിർമ്മിക്കാൻ സി.പി.എം തയ്യാറാകുമെങ്കിൽ പാർട്ടിയിലേക്ക് തിരിച്ചുപോകുന്ന കാര്യം ആലോചിക്കാം. ചുമർ ഉണ്ടെങ്കിൽ മാത്രമേ ചിത്രം വരയ്ക്കാൻ പറ്റൂ. പരിസ്ഥിതി തകർത്തുകൊണ്ടാണ് സി.പി.എം വികസനത്തിന് വേണ്ടി കളമൊരുക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് വയൽക്കിളികളുടെ രാഷ്ട്രീയം.