തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രത നിർദേശം. ആരോഗ്യ വിദഗ്‌ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതൽ ജൂൺ മാസം വരെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. ഡിസംബർ മുതൽ ജൂൺവരെയുള്ള കാലയളവിൽ നിപ്പ ബാദ്ധ്യതയുണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം.
ജനുവരി മുതൽ ജൂൺ വരെയുള്ള സമയങ്ങളിൽ വവ്വാലടക്കമുള്ള ജീവികൾ കഴിച്ച പഴവർഗങ്ങൾ കഴിക്കരുത്, പഴങ്ങൾ കഴിക്കുമ്പോൾ നന്നായി കഴുകി ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ട് വയ്‌ക്കുന്നുണ്ട്. നിപ്പ പടർന്ന് പിടിച്ച സാഹചര്യത്തിൽ പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് അറിയിപ്പ്. മുൻകരുതലുകൾ എടുക്കാൻ മെഡിക്കൽ കോളേജുകൾക്കും, ജില്ലാ-താലൂക്ക് ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.