തിരുവനന്തപുരം: കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയിൽ പോയെങ്കിലും കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടതിനെതിരെ നിയമസഭയിൽ ഒരക്ഷരം മിണ്ടാതിരുന്ന ബി.ജെ.പി യുടെ ഏക നിയമസഭാംഗം ഒ. രാജഗോപാലിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ്. നിയമസഭയിൽ സുരേന്ദ്രന്റെ കാര്യം ആരും ഉന്നയിക്കാത്തതുകൊണ്ടാണ് താനും പ്രതികരിക്കാതിരുന്നത് എന്നായിരുന്നു ഇതു സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ രാജഗോപാലിന്റെ മറുപടി.
അതേസമയം ഇന്നലെ ശബരിമല സംബന്ധിച്ചകാര്യം രാജഗോപാൽ സഭയിലുന്നയിച്ചിരുന്നു. എന്നാൽ സുരേന്ദ്രന്റെ കാര്യം മിണ്ടിയതുമില്ല. രാജഗോപാലും സ്വതന്ത്ര അംഗം പി.സിജോർജും ഒരു ബ്ലോക്കായി ഇരിക്കുമെന്നും കറുപ്പുടുത്ത് പോകുന്നുണ്ടെന്നും അറിഞ്ഞതോടെ സുരേന്ദ്രനെ രണ്ടാഴ്ചയോളമായി ജയിലിലടച്ച കാര്യം രാജഗോപാൽ സഭയിൽ ഉന്നയിക്കുമെന്നാണ് പ്രവർത്തകരും നേതാക്കളും കരുതിയത്. എന്നാൽ, അതുണ്ടാകാത്തതിലാണ് പാർട്ടിയിൽ മുറുമുറുപ്പ് ഉയരുന്നത്.