ശബരിമല: കുഞ്ഞുവാവയെ മാറോട് ചേർത്ത് പതിനെട്ടാം പടി ചവിട്ടിയ അയ്യപ്പനായിരുന്നു ഇന്നലെ രാത്രിയിൽ സന്നിധാനത്തെ കൗതുക കാഴ്ച. തൃശൂർ കുന്നംകുളം സ്വദേശി അഭിലാഷാണ് പത്തുമാസം പ്രായമുള്ള മകൾ 'ദക്ഷ'യെ മാറോട് അടുക്കിപ്പിടിച്ച് രാത്രി ഒമ്പതോടെ മലകയറിയത്.
മൂത്ത മകൾ ദൈതയും ഒരു സുഹൃത്തും അദ്ദേഹത്തിന്റെ മകളുമുൾപ്പെട്ട സംഘമായാണ് ഇവർ എത്തിയത്. തൃശൂരിൽ നിന്ന് കാർമാർഗം നിലയ്ക്കലിൽ എത്തി. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് അഞ്ചരയോടെ പമ്പയിലെത്തിയത്. പമ്പയിൽ നിന്ന് കുഞ്ഞിനെ ഒക്കത്തേന്തി മെല്ലെ മലകയറി. പതിനെട്ടാംപടി കയറി മുകളിലെത്തിയതോടെ പൊലീസുകാരും മറ്റു അയ്യപ്പാന്മാരുമുൾപ്പെടെയുള്ളവർ ചുറ്റുംകൂടി. വാവയെ കൊഞ്ചിക്കാൻ ചില പൊലീസുകാരും അടുത്തുകൂടി.
ഏതായാലും 'വാവ' സംഘത്തിന് ക്യൂവിൽ നിൽക്കാതെ ദർശനത്തിന് പൊലീസും മറ്റ് അയ്യപ്പന്മാരും സൗകര്യമൊരുക്കി. രാത്രിയിൽ സന്നിധാനത്ത് മുറിയിൽ തങ്ങി, പുലർച്ചെ ദർശനം നടത്തിയാണ് സംഘം മടങ്ങിയത്. ആറുമാസം പ്രായമെത്തിയപ്പോൾ കുഞ്ഞിനെ ചോറൂട്ടാനും അഭിലാഷ് സന്നിധാനത്ത് എത്തിയിരുന്നു. അയ്യപ്പഭക്തനും മൾട്ടിമീഡിയ സ്പെഷ്യലിസ്റ്രുമായ അഭിലാഷ് സ്വന്തമായി സ്ഥാപനം നടത്തുന്നു. ധനതയാണ് ഭാര്യ.