മനുശങ്കർ ഞെട്ടിപ്പിടഞ്ഞ് കണ്ണുതുറന്നു.
അപ്പോഴേക്കും ഗ്രിഗറിയും സാദിഖും കയറിന്റെ രണ്ടഗ്രങ്ങളിലും പിടിച്ച് സർവ്വ ശക്തിയിലും വലിച്ചു മുറുക്കി.
മനുശങ്കറുടെ തുറന്ന വായിൽ നിന്ന് അസ്പഷ്ടമായ ഒരു ശബ്ദം പുറത്തുവന്നു.
അയാൾ കാലുകൾ കൊണ്ട് മുൻ സീറ്റിനു പിന്നിൽ ആഞ്ഞു ചവിട്ടുകയും വെട്ടിപ്പിടയുകയും ചെയ്തു...
കൈകളാൽ ഗ്രിഗറിയെയും സാദിഖിനെയും അള്ളിപ്പിടിച്ചു.
നിമിഷങ്ങൾ...
വിക്രമൻ സുമോയുടെ വേഗത കുറച്ചു..
മനുശങ്കറുടെ കൈകളുടെ ബലം നഷ്ടമായി. കാലുകളുടെ പിടച്ചിൽ നേർത്തുവന്നു.
കണ്ണുകൾ തുറിച്ചുന്തി.
''വിക്രമാ...' സ്പാനർ മൂസ അയാളുടെ തോളിൽ തട്ടി.
വിക്രമൻ ഇറച്ചിപ്പാലത്തിൽ സുമോ നിർത്തി.
താഴ്വാരത്തുനിന്ന് കയറിവരുന്ന ചരക്കു ലോറിയുടെ ശബ്ദം മലമടക്കുകളിൽ ഭീതിദമായി മുഴങ്ങി.
'' ആ വണ്ടിയിങ്ങുവരാൻ സമയമെടുക്കും.'
മൂസ ഡോർ തുറന്നു പുറത്തിറങ്ങി:
''വേഗം...'
സാദിഖും ഗ്രിഗറിയും ഒപ്പം ഇറങ്ങി.
അവർ മനുശങ്കറുടെ മൃതദേഹം പാലത്തിന്റെ കൈവരിയിലേക്ക് ഉയർത്തിവച്ചു.
പിന്നെ കാലുകൾ ഉയർത്തി താഴേക്കു വിട്ടു. പാലത്തിനടിയിലൂടെ പതഞ്ഞൊഴുകുന്ന ജലത്തിൽ ഒരു ചാക്കുകെട്ടു കണക്കെ മനുശങ്കറുടെ ശരീരം വീണു....
താഴേക്കുള്ള കുത്തൊഴുക്കിൽ മിന്നൽ വേഗത്തിൽ ആ ശരീരം പോയി...
''ഒരു ഡിവൈ.എസ്.പി.'
പുച്ഛത്തോടെ പറഞ്ഞുകൊണ്ട് സാദിഖ് പ്ലാസ്റ്റിക് കയർ കൂടി വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു.
താഴത്തെ വളവിൽ കയറ്റം കയറിവരുന്ന ലോറിയുടെ ഹെഡ ്‌ലൈറ്റുകൾ കണ്ടു.
''വരൂ...' മൂസ സുമോയിൽ ചാടിക്കയറി.
പിന്നാലെ സാദിഖും ഗ്രിഗറിയും. വിക്രമൻ താഴേക്കു തന്നെ സുമോ വിട്ടു.
''ഇന്നു രാത്രിയിൽ നമ്മൾ കമ്പത്ത് താമസിക്കും. നാളെ രാവിലെ മടക്കയാത്ര....'
സ്പാനർ മൂസ മന്ത്രിച്ചു.
തിരുവനന്തപുരം.
മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററുടെ ഔദ്യോഗിക വസതിയിൽ അപ്പോഴും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.
മാസ്റ്ററെ പിന്താങ്ങുന്നവർ മന്ത്രിമാർ അടക്കം അവിടെ സന്നിഹിതരാണ്.
''അടിസ്ഥാനമില്ലാത്ത ആരോപണമാണ് പ്രതിപക്ഷം എനിക്കു നേരെ നടത്തുന്നത്. എന്നാൽ നമ്മുടെ കൂട്ടത്തിൽ ഉള്ളവരും കൂടി അത് വിശ്വസിക്കാൻ തുടങ്ങിയാലെങ്ങനെയാ?'
മാസ്റ്റർ അസ്വസ്ഥതയോടെ എല്ലാവരെയും നോക്കി.
ആരും മിണ്ടിയില്ല.
അല്പം കഴിഞ്ഞ് പന്തളം എം.എൽ.എ ബാലചന്ദ്രൻ സംസാരിച്ചു....
''സി.എം ഒരു പ്രസ് മീറ്റിംഗു പോലും നടത്താത്തതാണ് പ്രതിപക്ഷത്തിന്റെ വീര്യം കൂടാൻ കാരണം. അങ്ങേയ്ക്ക് രഹസ്യമകൻ ഉണ്ടോയെന്ന് തെളിയിക്കാൻ അവരെ വെല്ലുവിളിക്കണം. അതോടെ അവരുടെ നാവടയും....'
പക്ഷേ മാസ്റ്റർക്ക് ഉൾക്കിടിലമാണ് തോന്നിയത്.
''ഞാൻ അങ്ങനെ ചെയ്താൽ അവന്മാര് അവനെ കണ്ടെത്തി ജനത്തിനു മുന്നിൽ നിർത്തിയാലോ?
തന്റെ ഭാര്യയ്ക്കു പോലും ഇക്കാര്യത്തിൽ തന്നെ സംശയമാണ്!
സി.എമ്മിന്റെ മൗനം മറ്റുള്ളവരെ അസ്വസ്ഥരാക്കി.
മറ്റൊരാൾ പറഞ്ഞു.
''ഇപ്പത്തന്നെ നമ്മുടെ കൂട്ടത്തിൽ പത്തിരുപത് പേരുടെ കുറവുണ്ട്. അവരൊക്കെ രാജസേനന്റെ പക്ഷത്തേക്കു ചേക്കേറിയെന്നാണ് അറിയാൻ കഴിഞ്ഞത്. പല പഞ്ചായത്തുകളുടെയും കോർപ്പറേഷന്റെയും ഭരണം പിടിക്കുന്നതുപോലെ രാജസേനൻ പ്രതിപക്ഷത്തിന്റെ കൂടെ നിന്നാലോ.... അഞ്ച് എം.എൽ.എമാരുടെ ഭൂരിപക്ഷമേ നമുക്കുള്ളൂ എന്നത് മറന്നുകൂടാ.'
വേലായുധൻ മാസ്റ്റർ തലയാട്ടി.
സംഗതി സത്യമാണ്.
രാജി വയ്പ്പിച്ചതിന്റെ പകയുണ്ട്, തന്നോട് രാജസേനന്. തന്നെ താഴെയിറക്കി മുഖ്യമന്ത്രിയാകുവാൻ ഏത് വൃത്തികെട്ട കളി നടത്താനും മടിക്കില്ല അയാൾ...
''സി.എം എന്തെങ്കിലും ഒന്നു പറ....' പത്തനാപുരം എം.എൽ.എയും പറഞ്ഞു.
മാസ്റ്റർ എന്തോ പറയാൻ ഭാവിക്കുകയായിരുന്നു. പെട്ടെന്ന് ഫോൺ ശബ്ദിച്ചു. അതിൽ തെളിഞ്ഞ നമ്പർ കണ്ട് മാസ്റ്റർ വിളറി. എങ്കിലും കാൾ എടുത്തു.
''ഹലോ..'
അപ്പുറത്തു നിന്നു കേട്ടത് ഒരു നിലവിളിയാണ്. (തുടരും)