സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മറ്റാരെക്കാളും മുന്നിൽ നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ പരസ്യത്തിൽ കാണുന്ന എന്ത് ക്രീമും വാങ്ങിത്തേക്കാൻ നമുക്കൊരു മടിയുമില്ല. എന്നാൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിലൂടെ സൗന്ദര്യം വർദ്ധിക്കുമോയെന്നത് തർക്ക വിഷയമാണ്. ഇക്കാര്യത്തിൽ ഡോക്‌ടറും എഴുത്തുകാരിയുമായ ഡോ.ഷിനു ശ്യാമളൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
കുറിപ്പിന്റെ പൂർണരൂപം
ഗർഭിണി ആയിരിക്കുമ്പോഴേ "കുങ്കുമപ്പൂവ്" ഇട്ട് തിളപ്പിച്ചു പാൽ തന്നു തുടങ്ങും വയറ്റിൽ കിടക്കുന്ന കുഞ്ഞു വെളുക്കാൻ. പ്രസവിച്ചാലോ കുഞ്ഞിന്റെ കാര്യം അതിലും കഷ്ട്ടം😃. നിറം അൽപ്പം കുറവാണെങ്കിൽ പ്രത്യേക എണ്ണ തേച്ചു കുളിപ്പിക്കലും, ക്രീമുകൾ തേച്ചും അതിന് സ്വസ്ഥത കൊടുക്കില്ല. "എടി ,ആ കൊച്ചിന് നിറം കുറവാ, അതിന്റെ അപ്പൂപ്പനെ പോലെ കറുത്തതാ" എന്നു പരദൂഷണം തുടങ്ങും.😒.
ഇരുനിറമോ, കറുപ്പ് നിറമോ കാണുമ്പോൾ മുഖം ചുളുങ്ങേണ്ട ആവശ്യമില്ല. മെലാനിൻ എന്ന പിഗ്മെന്റ കൂടുന്നതിന് അനുസരിച്ച് ഇരുനിറമോ കറുപ്പ് നിറമോ ശരീരത്തിന് ഉണ്ടാകാം. മെലാനിൻ കുറഞ്ഞവർക്ക് വെളുത്ത നിറവുമുണ്ടാകും.
ഇത്രയേ ഉള്ളു കാര്യം. അതിന് ക്രീം വാരി വലിച്ചു തേച്ചിട്ട് ഒരു കാര്യവുമില്ല. സോറി.. ഒരു കാര്യമുണ്ട്. ക്രീം വേഗം തീരും😄.
വിവാഹ പരസ്യങ്ങളിലും കാണാം. "വെളുത്ത പെണ്ണ്", "വെളു വെളുത്ത ചെക്കൻ" എന്നൊക്കെ. പെണ്ണ് കാണാൻ ചെല്ലുമ്പോൾ ആളെ കൂടി മനസ്സിലാകില്ല. ഫോട്ടോഷോപ്പ്.. ഫോട്ടോഷോപ്പ്😜. ചായയും കുടിച്ചു ചെക്കൻ കണ്ടം വഴി ഓടും. അവന് വെളുത്ത പെണ്ണ് മതി പോലും. അവനെ കാണാൻ എണ്ണ കറുപ്പിൻ അഴക്കാണ്, എന്നാലും അവനും വെളുത്ത പെണ്ണ് മതി. 😒
ക്രീ തേച്ചു വെളുത്ത ആരെങ്കിലും ഉണ്ടോ? എന്നാലും പിന്നെയും പിന്നെയും ഓരോരോ
ക്രീം വാങ്ങി നമ്മൾ പരീക്ഷിക്കും. പരസ്യത്തിൽ 14 ദിവസം കൊണ്ട് മുഖം വെളുക്കും പോലും. 14 വർഷം ഫെയർനെസ് ക്രീം തേച്ചാൽ കുടുംബം വെളുക്കും പിന്നെ തേച്ചു തേച്ചു കൈയ്യിൽ തഴമ്പു വന്നും വെളുക്കും😒.
14 ദിവസമല്ലേ ചിലപ്പോൾ വെളുത്താലോയെന്നു കരുതി നമ്മൾ വീണ്ടും കടയിലേക്ക് ഓടും. തേച്ചു തേച്ചു പാണ്ട് പിടിച്ചാലും അടുത്ത ക്രീമിന്റെ പരസ്യം വരുമ്പോൾ അതും പോയി വാങ്ങി തേക്കും. "അറിയാത്ത പിള്ള ചൊറിയുമ്പോൾ പഠിക്കും" എന്നാണല്ലോ. ക്രീം തേച്ചു ചൊറിഞ്ഞാലും, പാണ്ട് പിടിച്ചാലും നമ്മൾ പഠിക്കില്ല. ഇനി എങ്ങാനും വെളുത്താലോ😜.
കരീന കപൂറും, ഷാറൂഖ് ഖാനുമൊക്കെ ക്രീമുകളുടെ പരസ്യങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ക്രീമുകളുടെ പുറകെ ഓടുന്നു.
വെളുപ്പിലും, കറുപ്പിലുമൊന്നും ഒരു കാര്യവുമില്ല. സൗന്ദര്യവും, നിറവുമൊക്കെ പോകുവാൻ ഒരു നിമിഷം മതി. "Beauty lies in the eye of beholder." ഓരോ വ്യക്തിയുടെയും സൗന്ദര്യ സങ്കൽപ്പം വ്യത്യസ്തമാകും. അല്ലെങ്കിലും പ്രായമേറുമ്പോൾ ബാഹ്യ സൗന്ദര്യമൊക്കെ പോകാം.
ഇതൊക്കെയാണെങ്കിലും പൂട്ടി പോയ ഒരു ഫെയർനെസ് ക്രീം കമ്പനിയെങ്കിലുമുണ്ടോ?😢 എവിടുന്ന് പൂട്ടാൻ. പല തരം ക്രീമുകളല്ലേ മത്സരിച്ചു ഓരോ മാസവും ഇറക്കുന്നത്. അവരൊക്കെ ലാഭം വാരി കൂട്ടുന്നുമുണ്ട്.
മെലാനിൻ കുറയ്ക്കുവാൻ സാധിക്കും എന്നൊക്കെയാണ് ക്രീ കമ്പനികൾ അവകാശയപ്പെടുന്നത്. മേലാനിൻ കുറയ്ക്കുവാൻ മരുന്നുകൾ അടങ്ങിയ ക്രീമുകളും ലഭ്യമാണ്. അവ യഥേഷ്‌ട്ടം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ കണ്ട് മാത്രം വാങ്ങുക. കറുത്ത പാടോ മറ്റും പോകാൻ വേണ്ടി ഉപയോഗിക്കാം. വെളുക്കാൻ അല്ല കേട്ടോ. അല്ലെങ്കിൽ "വെളുക്കാൻ തേച്ചത് പാണ്ടായി" എന്ന് ആരോ പറഞ്ഞത് പോലെയാകും.
ഡോ. ഷിനു