പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടെന്ന കേസിൽ കൊച്ചി സ്വദേശിനി രഹനാ ഫാത്തിമയെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട കോടതി വിധി പറയാനായി മാറ്റി. അപേക്ഷയിൽ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രഹനാ ഫാത്തിമയെ രാവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കേസിൽ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റുകയായിരുന്നു.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹനാ ഫാത്തിമ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടെന്ന ബി.ജെ.പി നേതാവ് ബി.രാധാകൃഷ്‌ണ മേനോന്റെ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് രഹനാ ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അറസ്‌റ്റിന് പിന്നാലെ അന്വേഷണ ബി.എസ്.എൻ.എൽ രഹനാ ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തിരുന്നു.