തിരുവനന്തപുരം: ആശ്രമത്തിൽ അതിക്രമിച്ച് കടന്ന് വാഹനങ്ങൾ തീവച്ച സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും ശരിയായ വിധത്തിലാണ് മുന്നേറുന്നതെന്നും സ്വാമി സന്ദീപാനന്ദഗിരി 'ഫ്ളാഷി'നോട് പറഞ്ഞു. കുണ്ടമൺകടവിലെ ആശ്രമത്തിൽ തീവയ്പ്പ് നടന്ന് ഒരുമാസമായിട്ടും കേസിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പഴയ അന്വേഷണ രീതിയല്ലല്ലോ. തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ സമീപനമാണ് പൊലീസിന്റേത്. സംശയമുള്ളവരെയൊക്കെ കസ്റ്റഡിയിലെടുത്ത് കുറ്റം തെളിയിക്കുന്നതായിരുന്നു പണ്ടത്തെ രീതി. ഇക്കാര്യത്തിൽ അത്തരം നടപടികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുറ്രവാളികൾ നല്ല ഹോംവർക്ക് ചെയ്തശേഷമാണ് ചെയ്തത്. പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി കത്തിക്കാനുപയോഗിച്ചാൽ പിടിക്കപ്പെടുമെന്ന് അവർക്കറിയാം. നഗരത്തിലെ പമ്പുകളിലെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അക്രമികളെപ്പറ്റി സൂചനയില്ലാതെ പോയത് അതിനാലാണ്. ആശ്രമത്തിൽ നിന്ന് കണ്ടെത്തിയ റീത്ത് പൂക്കടക്കാർ വിറ്റ റീത്തല്ലെന്നാണ് പൊലീസിന് ബോദ്ധ്യമായിട്ടുള്ളത്. സ്വന്തമായി ചെയ്തതാണ്. ഫോൺകോളുകൾ, ഫേസ് ബുക്ക് പോസ്റ്റുകൾ തുടങ്ങി പലതരത്തിലുള്ള അന്വേഷണ മാർഗങ്ങൾ പൊലീസ് അവലംബിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു.
വാഹനങ്ങൾ കത്തിനശിച്ചതിലുണ്ടായ നഷ്ടത്തേക്കാൾ ഭീകരമാണ് ആശ്രമത്തിന്റെ കെട്ടിടത്തിനുണ്ടായിട്ടുള്ളതെന്നും സന്ദീപാനന്ദഗിരി വ്യക്തമാക്കി. കാമറകൾ തകരാറിലാണെന്ന വിവരം ആശ്രമത്തിൽ നിന്ന് പുറത്തായശേഷം ആരോടെങ്കിലും ഷെയർ ചെയ്തിരുന്നുവോ എന്ന സംശയം മാത്രമാണ് പുറത്താക്കപ്പെട്ട സെക്യൂരിറ്റിയിലുണ്ടായിരുന്നത്. ആശയപരമായി അയാൾക്ക് ശത്രുതയില്ല. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ പുറത്തു നിന്നുള്ളവരാകാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ അതാണല്ലോ കണ്ടുവരുന്നത്. ഇവിടുത്തുകാർ കണ്ണൂരിൽപോയും അവിടെനിന്നുള്ളവർ ഇവിടെവന്നും ചെയ്യുമെന്നും സ്വാമി കുറ്റപ്പെടുത്തി.
അന്വേഷണം ഊർജിതം
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാണ്. അന്വേഷണത്തിൽ സ്വാമി തൃപ്തനാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ പിടികൂടുകയാണ് ലക്ഷ്യം. പി.പ്രകാശ്, സിറ്റി പൊലീസ് കമ്മിഷണർ