eye-care

വളരെ സാധാരണമാണ് കളികൾക്കിടയിലെ അപകടങ്ങൾ. ക്രിക്കറ്റ് ബാൾ, കല്ല്, ഷട്ടിൽ കോർക്ക് തുടങ്ങിയവ കണ്ണിൽ ശക്തിയായി വന്നിടിച്ചാൽ ഗുരുതര പരിക്കുകൾ ഉണ്ടായേക്കാം. ഇതുപോലെ തന്നെ മൂർച്ചയുള്ള വസ്തുക്കളായ പെൻസിൽ, പേന, കോമ്പസ്, ഈർക്കിൽ എന്നിവയും കണ്ണുകളിൽ അപകടങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരം അപകടങ്ങളിൽ തക്കസമയത്ത് ചികിത്സ ലഭിക്കാതിരുന്നാൽ കാഴ്ചതന്നെ നഷ്ടപ്പെടാൻ ഇടയുണ്ട്.

നമ്മുടെ തലയോട്ടിയിലുള്ള ഓർബിറ്റൽ സോക്കറ്റ് എന്ന അറയ്ക്കുള്ളിൽ വളരെ സുരക്ഷിതമായി എല്ലുകളാൽ വളയപ്പെട്ടാണ് നേത്ര ഗോളങ്ങൾ സ്ഥിതിചെയ്യുന്നത്. ഇത് കണ്ണിൽ പതിക്കാൻ സാദ്ധ്യതയുള്ള ആഘാതങ്ങളെ ഒരു പരിധിവരെ തടയുന്നു. ഓർബിറ്റ് എന്ന ഈ അറയ്ക്കുള്ളിലെ കൊഴുപ്പ് ഒരു 'കുഷ്യൻ' പോലെ കണ്ണുകളെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നിരുന്നാലും ചിലപ്പോൾ കണ്ണിനേൽക്കുന്ന ക്ഷതങ്ങൾ ഗുരുതരമായ കാഴ്ച വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം.

ബാൾ, കല്ല് തുടങ്ങിയവ കൊണ്ടുള്ള അപകടങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തിൽ കണ്ണിനുള്ളിൽ രക്തസ്രാവം, ഐറിസ്, റെറ്റിന എന്നിവയിൽ ഗുരുതരമായ കേടുപാടുകൾ, ലെൻസ് ഇളകി സ്ഥാനം തെറ്റൽ എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായേക്കാം. മാത്രമല്ല, കണ്ണിനു ചുറ്റുമുള്ള എല്ലുകളിൽ പൊട്ടലുകളും ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. മൂർച്ചയുള്ള വസ്തുക്കൾ കൊണ്ടുള്ള അപകടങ്ങൾ നേത്രപടലമായ കോർണിയയിലും പിന്നിലേക്കും മുറിവുകൾ ഉണ്ടാക്കിയേക്കാം.

വസ്തുക്കൾ കണ്ണിനുള്ളിലേക്ക് തുളച്ചുകയറിയിട്ടുണ്ടെങ്കിൽ രക്തസ്രാവമുണ്ടാകാനും കണ്ണിനുള്ളിലെ ദ്രാവകം പുറത്തേക്ക് ചോർന്ന് ഒഴുകാനും സാദ്ധ്യതയുണ്ട്. മാത്രമല്ല, പുറത്ത് നിന്നുള്ള രോഗാണുക്കൾ കണ്ണിനുള്ളിലേക്ക് പ്രവേശിച്ച് കണ്ണിനുള്ളിൽ അണുബാധ ഉണ്ടാക്കിയേക്കാം. കണ്ണിന്റെ സങ്കീർണമായ ഘടനയ്ക്ക് കോട്ടം തട്ടിയാൽ ഐറിസ്, ലെൻസ്, നേത്രാന്തരപാളിയായ റെറ്റിന എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും സ്ഥായിയായ കാഴ്ചവൈകല്യത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും.

നേത്രപടലമായ കോർണിയയിൽ ധാരാളം നാഡീകോശങ്ങൾ ഉള്ളതിനാൽ മുറിവുകൾ ഉണ്ടാകുമ്പോൾ അസഹനീയമായ വേദന അനുഭവപ്പെടുന്നു. കണ്ണിൽ നിന്ന് വെള്ളം വരൽ, വെളിച്ചത്തിൽ നോക്കാൻ ബുദ്ധിമുട്ട്, കാഴ്ചക്കുറവ് എന്നിവ അനുഭവപ്പെടാം. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നീർക്കെട്ട്, കണ്ണ് ചലിപ്പിക്കുമ്പോൾ വേദന, ഒരു വസ്തുവിനെ രണ്ടായി കാണുക എന്നിവ കണ്ണിന് ചുറ്റുമുള്ള എല്ലിന് പൊട്ടലുള്ളതിന്റെ ലക്ഷണങ്ങൾ ആവാം.

ചികിത്സ

തക്കസമയത്ത് പ്രാഥമിക ചികിത്സ കിട്ടാത്തത് ഇത്തരം അപകടങ്ങളെ സങ്കീർണമാക്കിയേക്കാം. പലപ്പോഴും ഇത്തരം അപകടങ്ങൾ പറ്റിയാൽ മുതിർന്നവർ വഴക്ക് പറഞ്ഞാലോ എന്ന് ഭയന്ന് കുട്ടികൾ ഇത് മറച്ചുവയ്ക്കാറുണ്ട്. കണ്ണുകളിൽ അപകടം പിണഞ്ഞാൽ എത്രയും പെട്ടെന്ന് നേത്രരോഗ വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതുവരെ അപകടം പറ്റിയ കണ്ണിൽ കൂടുതൽ കേടുപാടുണ്ടാകാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയുള്ള ഒരു ഐ പാഡ് അല്ലെങ്കിൽ ഐ ഷീൽഡ് കണ്ണിന്റെ മുകളിൽ വച്ച് അധികം മുറുകാതെ കെട്ടുന്നത് അപകടം പറ്റിയ കണ്ണിന് സംരക്ഷണം നൽകും. ഒരു കാരണവശാലും കണ്ണ് തിരുമ്മാനോ, കണ്ണിൽ തറച്ചിരിക്കുന്ന വസ്തുക്കൾ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കാനോ പാടില്ല.

ഡോക്ടർ പരിശോധിച്ചശേഷം പുറമേയുള്ള പോറലുകൾക്ക് ചിലപ്പോൾ കണ്ണിൽ മരുന്നുവച്ചുകെട്ടിയാൽ മതിയാകും. പക്ഷേ, ആഴത്തിലുള്ള മുറിവുകൾക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ഓപ്പറേഷനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കുകയും വീണ്ടും കാണിക്കുകയും വേണം.

ഡോ. വീണാ വിശ്വം
അമർദീപ് ഐ കെയർ
പേരൂർക്കട
തിരുവനന്തപുരം
ഫോൺ: 9447195795