ന്യൂഡൽഹി:അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പൊലീസ് ആസ്ഥാനത്തെ പത്താം നില കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ഡൽഹി പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണറായ പ്രേം ബല്ലഭ് (55) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.ഓഫീസിന്റെ ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു ഇയാൾ. ശബ്‌ദം കേട്ട് പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും നിലത്ത് വീണു കിടക്കുന്ന എസിപിയെ ആണ് പൊലീസുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡൽഹിയിലെ ക്രൈം,ട്രാഫിക്ക് എന്നീ വിഭാഗങ്ങളിലായിരുന്നു എസിപിയെ നിയമിച്ചിരുന്നത്. കഴിഞ്ഞ ഒരുമാസമായി ബല്ലഭ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് എസിപി അനിൽ മേത്തൽ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.