priyanka-nick

രൺവീർ-ദീപിക വിവാഹത്തിന് പിന്നാലെ സിനിമാലോകം കാത്തിരുന്ന അടുത്ത വിവാഹ മാമാങ്കത്തിന് ഒരുക്കങ്ങളായി. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസിന്റെയും വിവാഹമാണ് നടക്കാനിരിക്കുന്നത്.

ജോധ്പൂർ ഉമൈദ്പൂർ കൊട്ടാരത്തിലാണ് ഇവരുടെ ആഡംബര വിവാഹച്ചടങ്ങുകൾ നടക്കുക. കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യയിൽവച്ചുതന്നെയായിരുന്നു ഇവരുടെ വിവാഹനിശ്ചയച്ചടങ്ങും.

മെഹന്തി, സംഗീതച്ചടങ്ങുകളോടെ ഇന്നുതുടങ്ങുന്ന വിവാഹാഘോഷം നാലുദിവസം നീണ്ടുനിൽക്കും. ഡിസംബർ 2നാണ് വിവാഹം. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം രണ്ടുരീതിയിൽ ചടങ്ങുകൾ നടക്കും. ഡിസംബർ മൂന്നിന് ഡൽഹിയിൽ വച്ചായിരിക്കും ആദ്യ വിവാഹവിരുന്ന്. പിന്നാലെ സിനിമാസുഹൃത്തുക്കൾക്കായി മറ്റൊരു സത്കാരവും ഉണ്ടാകും. മെഹന്തിക്കുശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേകം കോക്ക്‌ടെയിൽ വിരുന്നും ഇരുവരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.

നാലുകോടി രൂപയാണ് ഉമൈദ് പാലസിലെ ചടങ്ങുകൾക്കുവേണ്ടി മാത്രം ചെലവാക്കുന്നത്. ചടങ്ങുകൾക്കായി നിക്കിന്റെ കുടുംബവും സുഹൃത്തുക്കളും അമേരിക്കയിൽനിന്ന് മുംബയിലെത്തിക്കഴിഞ്ഞു. പ്രത്യേക ചാർട്ടേഡ് ഫ്‌ളൈറ്റിലാകും വിവാഹസംഘം ജോധ്പൂരിലെത്തുക. പിന്നീട് ചോപ്പറിൽ പാലസിലെത്തും. ഒരുവർഷത്തെ പ്രണയത്തിനുശേഷമാണ് പ്രിയങ്ക-നിക് വിവാഹം.