ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാൻ അഞ്ച് രൂപ നൽകിയാൽ മതി. മോദിയുടെ നമോ ആപ്പ് വഴിയാണ് ഈ സൗകര്യം. റഫറൽ കോഡ് വഴിയാണ് സംവിധാനം സാദ്ധ്യമാകുക. നരേന്ദ്രമോദിയെ മുഖാമുഖം കാണാമെന്നാണ് റഫറൽ കോഡിലെ പ്രധാന വാഗ്‌ദാനം. നമോ ആപ്പ് വഴി ഒരു റഫറൽ കോഡ് ലഭിക്കും. എന്നാൽ, ബി.ജെ.പിക്ക് 5 രൂപ നൽകിയാൽ മാത്രമെ റഫറൽ കോഡ് ലഭ്യമാകൂ. റഫറൽ കോഡ് ലഭിച്ചാൽ ഇത് വാട്സാപ്പ്, എസ്.എം.എസ്, ഇ-മെയിൽ വഴി മറ്റ് കോൺടാക്റ്റുകളിലേക്ക് അയക്കണം.
അയക്കുന്ന ലിങ്കിൽ നിന്നോ റഫറൽ കോഡ് ഉപയോഗിച്ചോ സന്ദേശം ലഭിക്കുന്നവർ നമോ ആപ്പിലൂടെ ബി.ജെ.പിക്ക് സംഭാവന നൽകിയാൽ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കും. സാധാരണക്കാരായ ജനങ്ങളെയും പ്രധാനമന്ത്രിയെയും സംഭാവനകളിലൂടെ ബന്ധിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശമെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. ഒരു വ്യക്തി സംഭാവന ചെയ്‌ത ശരാശരി തുക 300-400 രൂപയാണ്. ഏറ്റവും കൂടുതൽ ആളുകൾ 100 രൂപയോ അല്ലെങ്കിൽ 1000 രൂപയോ സംഭാവന ചെയ്‌തിട്ടുണ്ടെന്ന് ഇവർ പറയുന്നു.