pinarayi-vijayan

തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമാണത്തിന് ചുവപ്പ് നാടകളിൽ നിന്ന് മുക്തവും സുതാര്യവുമായ രീതി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നൽകിയും ഭാവി ദുരന്തങ്ങളെ ചെറുക്കുന്ന രീതിയിലുമാകും നിർമ്മാണപ്രവർത്തനങ്ങൾ നടപ്പിലാക്കുക. റീബിൽഡ് കേരള ഇനിഷ്യയേറ്റിവ് വഴി വികസന ആശയങ്ങൾ സ്വീകരിക്കും. വിവിധ മേഖലകളിൽ നിന്ന് നിർദേശം സ്വീകരിക്കാൻ സെമിനാറുകൾ നടത്തും. മാദ്ധ്യമങ്ങളുടെ പങ്കാളിത്തതോടെയാകുമിത്. ആശയരൂപീകരണത്തിന് ഹാക്കത്തോണുകൾ സംഘടിപ്പിക്കും. കേരളത്തിന് പുറത്തുള്ള കേരളീയരായ വിദഗ്ദരിൽ നിന്ന് വികസന നിർദേശങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആകെ 31000 കോടി രൂപ പുനർനിർമാണത്തിനായി വേണ്ടി വരും. ദുരിതാശ്വാസ നിധിയിൽ ലഭിച്ച 2683.18 കോടി രൂപയിൽ 1357.78 കോടി രൂപ തകർന്ന വീടുകൾക്കായി ഉപയോഗിച്ചു. കേന്ദ്രത്തിൽ നിന്ന് 600 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് വിമാനം എത്തിയതിനും റേഷൻ സാമഗ്രികൾ നൽകിയതിനും കേന്ദ്രത്തിന് 290.67 കോടി രൂപ നൽകേണ്ടി വന്നു. എസ്.ഡി.ആർ.എഫിലെ മുഴുവൻ തുക വിനിയോഗിച്ചാലും ബാദ്ധ്യതപ്പെട്ട തുക കൊടുത്ത് തീർക്കുവാൻ ഫണ്ട് തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളുടെ പുനർനിർമ്മാണം,​ ജീവനോപാധികളുടെ വീണ്ടെടുപ്പ്,​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനർനിർമ്മാണം തുടങ്ങിയവയ്‌ക്കാണ് പ്രാധാന്യം നൽകി വരുന്നത്. പാരിസ്ഥിത ദുർബല മേഖലകൾ,​ കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനർനിർമ്മാണം നടത്തൂ.

തിരുവനന്തപുരം,​ കോഴിക്കോട് ജില്ലകളുടെ പശ്ചാത്തല സൗകര്യ വികസനം,​ 14 ജില്ലകളുടെയും സമഗ്ര വികസനം തുടങ്ങിയവ പുനർനിർമാണത്തിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.