vd-satheesan

തിരുവനന്തപുരം: ശബരിമലയിൽ കാണിക്കയിടേണ്ടെന്ന തരത്തിൽ ബി.ജെ.പി നേതാക്കൾ നൽകിയ നിർദ്ദേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ളത് 1250 ക്ഷേത്രങ്ങളാണ്. അതിൽ ശബരിമലയുൾപ്പെടെ 30 ക്ഷേത്രങ്ങളിൽ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളത്. അതിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ശബരിമലയിൽ നിന്നാണ്. ഈ വരുമാനം ഉപയോഗിച്ചാണ് ബാക്കിയുള്ള 1220 ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവും ബോർഡിലെ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളവും നൽകുന്നത്.ശബരിമലയിൽ കാണിക്കയിടാതെ വരുമാനം നിലച്ചാൽ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങൾ പ്രതിസന്ധിയിലാകും.


അപ്പോൾ ക്ഷേത്രങ്ങൾ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വർഗ്ഗീയവികാരം ആളിക്കത്തിക്കാം. അതു കൊണ്ട് തന്നെ ശബരിമലയിൽ കാണിക്കയിടേണ്ട എന്ന സംഘപരിവാർ നിർദ്ദേശം നിഗൂഢമായ മറ്റൊരു വർഗ്ഗീയ അജണ്ടയാണ്. വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഈ കള്ളക്കളി അയ്യപ്പഭക്തർ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.