maratha

മുംബയ്: ദീർഘകാലത്തെ പ്രക്ഷോഭത്തിനൊടുവിൽ മറാത്ത വിഭാഗക്കാർക്ക് സംവരണം നൽകുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലിയിലും 16 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്ലാണ് ഇന്നലെ പാസായത്.

മറാത്ത ക്വോട്ടയ്ക്കായി മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മിഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് സംവരണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ റിപ്പോർട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഭയിൽ സമർപ്പിച്ചു.

സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന മറാത്ത വിഭാഗക്കാർ ഏറെ നാളായി വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലിയിലും സംവരണത്തിനായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇക്കഴിഞ്ഞ ജൂലായിലും ആഗസ്റ്റിലുമായി ഇവർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. തുടർന്നാണ് സർക്കാർ വിഷയം പഠിക്കാൻ കമ്മിഷനെ നിയോഗിച്ചത്. ബിൽ പാസായതോടെ ഭരണഘടനയുടെ 15(4), 16(4) അനുഛേദപ്രകാരമുള്ള സംവരണാനുകൂല്യം ഇവർക്ക് ലഭിക്കും.

മഹാരാഷ്ട്രയിലെ ധംഗർ വിഭാഗക്കാരും സംവരണാനുകൂല്യത്തിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.