ന്യൂഡൽഹി: 25 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി നടത്തുന്ന അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) എഴുതാമെന്ന് സുപ്രീം കോടതി. 2019ൽ നടത്തുന്ന പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഒരാഴ്‌ച കൂടി നീട്ടി. നവംബർ 30 ആയിരുന്നു അവസാന തീയ്യതി. എന്നാൽ, ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സി.ബി.എസ്.ഇയ്‌ക്ക് വിടുന്നതായും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 25 ആയിരുന്നു.