facebook-post

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന സുനിൽ.പി.ഇളയിടം, സണ്ണി.എം.കപിക്കാട്, ശ്രീചിത്രൻ തുടങ്ങിയവർക്കെതിരെ എഴുത്തുകാരൻ സി.ആർ.പരമേശ്വരൻ രംഗത്തെത്തി. പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്ന കുറുനരികളുടെ ജോലിയാണ് ഇവർ ചെയ്യുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ബ്രാഹ്മണ്യവും പുതുകാല ബ്രാഹ്മണ്യവും കുറുനരികളും

അസൂയാവഹമാം വിധത്തിൽ മതമൈത്രി പുലരുന്ന ഏറനാടൻ ഗ്രാമങ്ങൾ എനിക്ക് പരിചയമുണ്ട് .അവിടെ നൂറുവർഷം മുൻപ് നടന്ന ജന്മിത്വ ചൂഷണത്തെ കുറിച്ചോ, മാപ്പിളകലാപത്തിൽ നടന്നിരിക്കാവുന്ന കൊലകളെ കുറിച്ചോ, ബലാൽസംഗങ്ങളെ കുറിച്ചോ , ബ്രിട്ടീഷ് പട്ടാളത്തിനു കലാപകാരികളെ അയൽക്കാർ ഒറ്റുകൊടുത്തതിനെ കുറിച്ചോ, അതേ കുറിച്ച് ദുർബ്ബലമായ ധാരണകൾ മാത്രമുള്ള, നാലഞ്ചു തലമുറകൾക്കിപ്പുറമുള്ള പുതു തലമുറയോട് ഒരു കൂട്ടർ നൂറുകണക്കിന് പ്രസംഗങ്ങൾ ചെയ്യുന്നതായി സങ്കൽപ്പിക്കുക. ആ ഗ്രാമത്തിന്റെ സ്ഥിതി പിന്നെയെന്താവും ?

പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്നത് കുറുനരികൾ ആണ്.

അത്തരം കുറുനരികളുടെ ജോലിയാണ് സണ്ണി കപിക്കാടും സുനിൽ ഇളയിടവും ശ്രീചിത്രനും ചെയ്യുന്നത്.

വർത്തമാനകാലയാഥാർത്ഥ്യം എന്തുമാവട്ടെ, അവർ ബ്രാഹ്മണ്യത്തിന്റെയും സവർണ്ണതയുടെയും ഘോരതകളെ കുറിച്ച് ഓരോ പ്രസംഗത്തിലും പറയുന്നു.അതേക്കാൾ എത്രയോ ഘോരമാണ് പുതുകാല ബ്രാഹ്മണ്യം.

രണ്ടുദാഹരണങ്ങൾ മാത്രം പറയാം: പോയ നൂറ്റാണ്ടുകളിൽ പുലയൻ ചേറിൽ മൃഗതുല്യം അദ്ധ്വാനിച്ച് മരിച്ചു വീണിരുന്നു. ഈ ദരിദ്രജനയാഥാർത്ഥ്യത്തിൽ ഉദാസീനരായാണ് പഴയകാല ബ്രാഹ്മണരും മഹാരാജാക്കന്മാരും സുഖവാസവും സുഖചികിത്സയും നടത്തിയിരുന്നത്.
കാസർഗോട്ടെ പതിനൊന്നു പഞ്ചായത്തുകളിൽ എൻഡോസൾഫാൻ മഴ വർഷിച്ചത് നവകാലഇടതു –വലതു ബ്രാഹ്മണർ തന്നെയാണ്. അയ്യായിരം പേർ എന്ന് കണക്കാക്കിയിട്ടുള്ള ആ ദുരിതാത്മാക്കൾക്ക് മൂന്നു ലക്ഷം രൂപ സഹായധനം നൽകണമെന്ന ഒരു സുപ്രീംകോടതിവിധിയുണ്ട് അതെ,നടപ്പാക്കാൻ ഒരു തിടുക്കവും ആവശ്യമില്ലാത്ത മറ്റൊരു സുപ്രീംകോടതിവിധി! ആ സഹായധനം നൽകൽ എങ്ങുമെത്തിയിട്ടില്ല.ഇത്തരം സുപ്രധാന ബാധ്യതകൾ നിറവേറ്റാത്ത ഭരണാധികാരി ,അദ്ദേഹത്തിന്റെ ജീവൻ സമൂഹത്തിന് എത്ര വിലപ്പെട്ടതായാലും,തനിക്കായി ലോകത്തിലെ ഏറ്റവും വിലകൂടിയ ചികിത്സ തിരഞ്ഞെടുക്കുന്നത് അധാർമ്മികമായ മുൻഗണനയാണ്.ഇതാണ് പുതുകാല ബ്രാഹ്മണ്യം .(വിലകൂടിയ ചികിത്സയുടെ മേന്മ എന്നെപ്പോലെ അറിയുന്നവർ അധികം പേരുണ്ടാവില്ല –പണമില്ലാത്തതിനാൽ അത്തരം ചികിത്സ വേണ്ട സമയത്ത് കിട്ടാതെ പോയ ഒരാൾ എന്ന നിലയിൽ! )

കായൽരാജാവായ മറ്റൊരു നവബ്രാഹ്മണന്റെ ചികിത്സാവശ്യത്തിന് ഈ സാധു സംസ്ഥാനം ചെലവാക്കിയത് രണ്ടു കോടിയോളം രൂപയാണ്.എന്താണയാൾ സമൂഹത്തിനു നൽകിയ സംഭാവന?കിളിരൂർകവിയൂരിലെ ആരോപിത പങ്കാളിത്തം?കുവൈറ്റ്തട്ടിപ്പു മൂലമുള്ള സൽപ്പേര്?കായലും ക്ഷേത്രസ്വത്തുക്കളും കയ്യേറിയത്?

നാം ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ചൂഷണവ്യവസ്ഥയുടെ പേരാണ് പുതുകാല ബ്രാഹ്മണിസം .

ഈ പുതുകാലബ്രാഹ്മണിസത്തിന്റെ കൂലിയടിമകളാണ് ഞാൻ മുൻപ് പറഞ്ഞ സാമൂഹികധ്രുവീകരണം നടത്തുന്ന കുറുനരികൾ എന്നത് ആരാധകരായ മണ്ടന്മാർ മനസ്സിലാക്കണം.
രഹാന ഫാത്തിമയുടേതിനേക്കാൾ നൂറു മടങ്ങ് ഗൌരവാവഹമാണ് സമൂഹത്തെ ധ്രുവീകരിക്കുക വഴി ഇക്കൂട്ടർ നടത്തുന്ന blasphemyകൾ.