news

1. ശബരിമല വിഷയത്തില്‍ ബി.ജെ.പി വീണ്ടും സമര രംഗത്തേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ. സുരേന്ദ്രന് എതിരെ ചുമത്തിയ കള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്ന് മുതല്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം ഇരിക്കും. 15 ദിവസത്തേക്ക് ആണ് നിരാഹാര സമരം എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

2. സന്നിധാനത്തും ശബരിമലയിലും ബി.ജെ.പി സമരം നടത്തിയിട്ടില്ല. ശബരിമല കര്‍മ്മ സമിതി ആണ് സന്നിധാനത്തും മറ്റും പ്രതിഷേധം നടത്തിയത്. അതിനെ ബി.ജെ.പി പിന്തുണയ്ക്കുക ആയിരുന്നു. ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ ആരും ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയിട്ടില്ല. ആദ്യഘട്ടത്തില്‍ ശബരിമലയിലേക്ക് പോയ സുരേന്ദ്രനില്‍ നിന്നും എന്തെങ്കിലും തെറ്റുണ്ടായോ എന്ന് തനിക്ക് അറിയില്ല

3. സുരേന്ദ്രന് എതിരെ ചുമത്തി ഇരിക്കുന്നത് കള്ള കേസുകള്‍. മനുഷ്യാവകാശങ്ങള്‍ പാടെ ലംഘിച്ചാണ് അദ്ദേഹത്തെ ജയിലില്‍ ഇട്ടിരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് ആര്‍.എസ്.എസും ബി.ജെ.പിയും. തങ്ങളെ മുഖ്യമന്ത്രി കണക്കാക്കി ഇരിക്കുന്നത് രണ്ടാംകിട പൗരന്മാരായി. അത് അംഗീകരിക്കാന്‍ കഴിയില്ല. പി.സി ജോര്‍ജുമായി ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളൂ എന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

4. നവകേരളത്തിനായി 31,000 കോടിരൂപ വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയില്‍ ഇതുവരെ 2683.18 കോടി രൂപ ലഭിച്ചു. റേഷന്‍ ഇനങ്ങള്‍ നല്‍കിയതിനും രക്ഷാപ്രവര്‍ത്തനത്തിന് വിമാനം എത്തിച്ചു തന്നതിനുമായി 290 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വന്നു എന്നും ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു

5. വീടുകളുടെ പുനര്‍ നിര്‍മ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനര്‍ നിര്‍മ്മാണം തുടങ്ങിവയ്ക്കാണ് പ്രാധാന്യം നല്‍കി വരുന്നത്. പരിസ്ഥിതി ദുര്‍ബല മേഖലകള്‍, കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍ നിര്‍മ്മാണം നടത്തൂ. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുടെ പശ്ചാത്തല സൗകര്യ വികസനം, 14 ജില്ലകളുടേയും സമഗ്ര വികസനം തുടങ്ങിയവ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി

6. ബി.ജെ.പി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നല്ല കാര്യം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് പ്രസക്തിയോ പുതുമയോ ഇല്ല. നിലയ്ക്കലും പമ്പയിലും ഒരു സൗകര്യവും ഇല്ല എന്നു പറയുന്നതില്‍ കാര്യമില്ല. ശബരിമല കേസും പിറവും പള്ളി കേസും രണ്ടും രണ്ട്. പിറവം പള്ളി കേസില്‍ സര്‍ക്കാര്‍ കക്ഷി അല്ല എ ന്നും പിണറായി

7. സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രതാ നിര്‍ദ്ദേശം. ജനുവരി ഒന്ന് മുതല്‍ ജൂണ്‍ മാസം വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തിലാണ് നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്താണ് നിപ പടര്‍ന്നത്. വീണ്ടും നിപ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും മുന്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

8. പുതുതായി വന്ന ചില ക്ഷേത്രങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ശബരിമലയെ തകര്‍ക്കുന്നതിന് ബോധ പൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗം ആയാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടാന്‍ പാടില്ല എന്ന പ്രചാരണം എന്നും പത്മകുമാര്‍ പറഞ്ഞു

9. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്നാ ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന അപേക്ഷ പത്തനംതിട്ട കോടതി വിധി പറയാനായി മാറ്റി. അപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ രഹ്ന ഫാത്തിയ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടെന്ന ബി.ജെ.പി നേതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്

10. നോട്ട് നിരോധനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്. നോട്ട് നിരോധനം കിരാത നടപടി. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ നോട്ട് നിരോധനം ഇടിവ് ഉണ്ടാക്കി എന്നും അദ്ദേഹം ആരോപിച്ചു

11. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തില്‍ കലങ്ങി മറിഞ്ഞ് ഡല്‍ഹി. നാളത്തെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിവധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ എത്തിയിട്ടുണ്ട്. കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം കര്‍ഷക സംഘടനകള്‍ ആണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് താങ്ങുവില നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്