ചെന്നൈ: ഇന്ന് റിലീസ് ചെയ്‌ത രജനീകാന്ത് ചിത്രം യെന്തിരൻ 2.0യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. റിലീസ് ദിവസം തന്നെ ചിത്രം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് വെല്ലുവിളിച്ച തമിഴ് റോക്കേഴ്സാണ് ഇതിന് പിന്നിൽ. ചിത്രം അപ്‌ലോഡ് ചെയ്‌ത് മിനിട്ടുകൾക്കുള്ളിൽ തന്നെ രണ്ടായിരത്തോളം പേർ ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. അഞ്ഞൂറ് കോടിയിലധികം മുതൽ മുടക്കിൽ നിർമിച്ച സിനിമയിൽ രജനീകാന്തിന് പുറമെ അക്ഷയ് കുമാർ, എമി ജാക്‌സൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം സർക്കാരിന്റെ വ്യാജ പതിപ്പും റിലീസിന് പിന്നാലെ തമിഴ് റോക്കേഴ്സ് പുറത്തുവിട്ടിരുന്നു. യെന്തിരൻ 2.0യും റിലീസ് ദിവസം തന്നെ പുറത്തുവിടുമെന്ന് ഇക്കൂട്ടർ വെല്ലുവിളിച്ചിരുന്നു. ചിത്രം റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിലാണ് എച്.ഡി ക്വാളിറ്റിയിലുള്ള വ്യാജ പതിപ്പ് പുറത്തുവിട്ടത്. എന്നാൽ ഓൺലൈൻ പൈറസി തടയാൻ നേരത്തെ തന്നെ അണിയർ പ്രവർത്തകർ സജ്ജീകരണങ്ങൾ ചെയ്‌തിരുന്നതിനാൽ ഇക്കാര്യം കണ്ടുപിടിക്കുകയായിരുന്നു. ഇത്തരത്തിൽ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ അപ്‌ലോഡ് ചെയ്‌ത സൈറ്റുകളുടെ വിവരവുമായി അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായും വിവരമുണ്ട്.