ന്യൂഡൽഹി: സാധാരണഗതിയിൽ ഒരു രാജ്യവും സ്വീകരിക്കാത്ത, നിർദ്ദയവും കിരാതവുമായ നടപടിയായിരുന്നു കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനമെന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്‌മണ്യൻ പറഞ്ഞു. അരവിന്ദ് സുബ്രഹ്‌മണ്യൻ രചിച്ച, ഉടൻ പുറത്തിറങ്ങുന്ന 'ഒഫ് കോൺസൽ: ദ ചലഞ്ചസ് ഒഫ് മോദി-ജയ്‌റ്ര്‌ലി ഇക്കണോമിക്‌സ്" എന്ന പുസ്‌തകത്തിലെ ''ദ ടു പസൽ ഒഫ് ഡിമോണറ്രൈസേഷൻ: പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക്"" എന്ന അദ്ധ്യായത്തിലാണ് ഈ പ്രസ്‌താവനയുള്ളത്.
പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളാണ് ഒറ്റയടിക്ക് അസാധുവാക്കിയത്. ഇത് ആദ്യം തളർത്തിയത് അസംഘടിത മേഖലയെയാണ്. തുടർന്ന്, സംഘടിത മേഖലയും ഉലഞ്ഞു. അതോടെ, ജി.ഡി.പിയും കൂപ്പുകുത്തി. നോട്ട് അസാധുവാക്കലിന് മുമ്പുള്ള ആറ് ത്രൈമാസങ്ങളിലെ ശരാശരി സാമ്പത്തിക വളർച്ച എട്ട് ശതമാനമായിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ഏഴ് ത്രൈമാസങ്ങളിൽ ഇത് ശരാശരി 6.8 ശതമാനത്തിലേക്ക് തകർന്നു.
ഉയർന്ന പലിശനിരക്ക്, ജി.എസ്.ടി., ക്രൂഡോയിൽ വില വർദ്ധന എന്നിവയും ജി.ഡി.പിയെ തളർത്തി. എന്നാൽ, നോട്ട് അസാധുവാക്കിലിന് ശേഷമുള്ള ഓരോ പാദങ്ങളിലും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയാണ് ഉണ്ടായതെന്നും അരവിന്ദ് സുബ്രഹ്‌മണ്യൻ പറഞ്ഞു. ആധുനിക ഇന്ത്യയിൽ ഒരിക്കലും അരുതാത്ത പ്രവൃത്തിയായിരുന്നു നോട്ട് അസാധുവാക്കൽ. യുദ്ധം, അതിരൂക്ഷ നാണയപ്പെരുപ്പം, കറൻസി തകർച്ച, രാഷ്‌ട്രീയ അരക്ഷിതാവസ്ഥ തുടങ്ങിയ സന്ദർഭങ്ങളിലാണ് സാധാരണഗതിയിൽ നോട്ടുകൾ അസാധുവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കൽ വേളയിൽ പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു അരവിന്ദ് സുബ്രഹ്‌മണ്യൻ. നോട്ട് അസാധുവാക്കൽ നടപടി അരവിന്ദുമായി പോലും ആലോചിക്കാതെ ആയിരുന്നുവെന്ന് വിമർശനമുണ്ടായിരുന്നു. 2014 ഒക്ടോബറിലാണ് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി അദ്ദേഹം സ്ഥാനമേറ്റത്. 2017ൽ കാലാവധി ഒരുവർഷത്തേക്ക് നീട്ടിനൽകിയെങ്കിലും ഈവർഷം ജൂണിൽ അദ്ദേഹം ഒഴിയുകയായിരുന്നു.
അപ്പോൾ ഉത്തർപ്രദേശിൽ ബി.ജെ.പി എങ്ങനെ ജയിച്ചു?
നോട്ട് അസാധുവാക്കലിന് പിന്നാലെ, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം കൊയ്‌തിരുന്നു. ഇത്, നോട്ട് അസാധുവാക്കലിന് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇതിന് രസകരമായ മറുപടി അരവിന്ദ് സുബ്രഹ്‌മണ്യൻ നൽകുന്നുണ്ട്:
''പാവപ്പെട്ടവന് നഷ്‌ടമുണ്ടായി. എന്നാൽ, പണക്കാരനാണ് ഏറ്റവും വലിയ നഷ്‌ടമുണ്ടായതെന്ന് അവൻ ആശ്വസിച്ചു. എനിക്ക് ഒരു ആടിനെയാണ് നഷ്‌ടപ്പെട്ടത്. പണക്കാരന് അവന്റെ എല്ലാ പശുക്കളും നഷ്‌ടമായി. സാധരണക്കാരന്റെ ഈ ചിന്താഗതിയാണ് ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് നേട്ടമായത്"
ജി.ഡി.പി വെട്ടിക്കുറയ്ക്കൽ: ന്യായീകരിച്ച് ജയ്‌റ്റ്‌ലി
യു.പി.എ ഭരണകാലത്തെ ജി.ഡി.പി വളർച്ചാക്കണക്കുകൾ കുറഞ്ഞ നിരക്കിലേക്ക് വെട്ടിക്കുറച്ച എൻ.ഡി.എ സർക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ധനമന്ത്രി അരുൺ ജെയ്‌റ്ര്‌ലി. ഏറ്രവും വിശ്വസ്‌ത സ്ഥാപനമായ സെൻട്രൽ സ്‌റ്രാറ്രിസ്‌റ്റിക്‌സ് ഓഫീസാണ് 2011-12 വർഷം അടിസ്ഥാനമാക്കി യു.പി.എ ഭരണകാലത്തെ ജി.ഡി.പി വളർച്ചയെ പുനർനിർണയിച്ചത്. ആഗോളതലത്തിൽ താരതമ്യപ്പെടുത്താവുന്ന ശരിയായ കണക്കുകളാണതെന്നും ധനമന്ത്രി പറഞ്ഞു.
ജി.ഡി.പി വളർച്ച പുനർനിർണയിച്ചത് നീചമായ തമാശയാണെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. 'ശസ്‌ത്രക്രിയ വിജയം, പക്ഷേ രോഗി മരിച്ചു" എന്ന് പറയുന്നതുപോലെയുള്ള നടപടിയാണിതെന്നും കോൺഗ്രസ് പരിഹസിച്ചിരുന്നു. യു.പി.എ ഭരണകാലയളവിൽ ശരാശരി വളർച്ച 7.75 ശതമാനമായിരുന്നത് 6.7 ശതമാനമായാണ് പുനർനിർണയിച്ചത്. മോദി ഭരണകാലയളവിലെ ശരാശരി വളർച്ച 7.3 ശതമാനമാണ്.