തിരുവനന്തപുരം: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ശങ്കർ - രജനി ചിത്രം 2.0 വൻ വരവേൽപ്പോടെ തിയറ്ററുകളിലെത്തി. ഇന്നലെ പുലർച്ചെ നാലിനായിരുന്നു ആദ്യ പ്രദർശനം. കേരളത്തിൽ മാത്രം 450 തിയേറ്ററുകളിലാണ് പ്രദർശനം. തലസ്ഥാനത്തെ മിക്ക തിയേറ്ററുകളിലും ആരാധകർ ആവേശത്തിരയിളക്കി. 2ഡിയിലും 3ഡിയിലും എത്തിയ ചിത്രത്തിന്റെ 3ഡി പതിപ്പിനായിരുന്നു കൂടുതൽ പ്രേക്ഷകരെത്തിയത്.
ഹോളിവുഡ് സയൻസ് ഫിക്‌ഷനെ വെല്ലുന്ന സാങ്കേതികത്തികവാണ് ചിത്രത്തിന്റെ മികവ്. ത്രിമാന ദൃശ്യഭംഗി ഉറപ്പു നൽകുന്നതാണ് ഓരോ രംഗവും. 500 കോടിയാണ് മുതൽമുടക്ക്. ഇതിൽ സാറ്റലൈറ്റ്, ഡിജിറ്റൽ, വിതരണാവകാശം എന്നീ ഇനത്തിൽ 370 കോടി രൂപയോളം പ്രദർശനത്തിന് മുമ്പേ ലഭിച്ചു. അഡ്വാൻസ് ബുക്കിംഗിലൂടെ 120 കോടി രൂപയും 2.0 നേടി.
ബോളിവുഡ് താരം അക്ഷയ്‌കുമാർ വില്ലനായി എത്തുന്ന ചിത്രത്തിൽ കലാഭാവൻ ഷാജോണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എമി ജാക്‌സണാണ് നായിക. ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം സ്ക്രീനിൽ അത്ഭുതം സൃഷ്ടിച്ചെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
നീരവ് ഷാ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും എ.ആർ. റഹ്മാന്റെ സംഗീതവും മികവ് കൂട്ടുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയിൽ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ചിത്രം വിതരണത്തിനെത്തിക്കും.