ആലപ്പുഴ: സാഹിത്യലോകത്തിലെ ആലപ്പുഴക്കാരും പ്രശസ്‌തിയിലേക്കുള്ള യാത്രയിൽ ആലപ്പുഴ വഴി കടന്നുപോയവരും അവർ രചിച്ച കൃതികളുടെ പേരിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്‌മരിക്കപ്പെടും. കലോത്സവ വേദികൾ ഇക്കുറി പ്രശസ്തരുടെ സാഹിത്യസൃഷ്ടികളുടെ പേരിലാണ് അറിയപ്പെടുക.ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ ഒന്നാം വേദിക്ക് ഇരയിമ്മൻ തമ്പിയുടെ കൃതിയായ 'ഉത്തരാസ്വയംവരം' എന്നാണ് പേരിട്ടിരിക്കുന്നത്.
രചനാ മത്സര മൂല്യനിർണയവേദിക്ക് കളവംങ്കോടം ബാലകൃഷ്ണന്റെ 'അനുസന്ധാനം', പഴയിടം മോഹനൻ നമ്പൂതിരിയുടെ വിശേഷ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാല പി. പത്മരാജന്റെ നോവലായ 'പെരുവഴിയമ്പലം', ഗ്രീൻ പ്രോട്ടോക്കോൾ പവലിയന് വയലാർ കവിതയായ 'മുളങ്കാട്' തുടങ്ങി എസ്.എൽ. പുരം സദാനന്ദന്റെ 'കാട്ടുകുതിര'യും കാവാലത്തിന്റെ 'അവനവൻകടമ്പയും' തകഴിയുടെ 'രണ്ടിടങ്ങഴി'യും, തോപ്പിൽഭാസിയുടെ 'അശ്വമേധ'വുമൊക്കെയായി 29 വേദികളിലും മലയാളത്തിലെ മികച്ച കൃതികളാണ് 'കുട്ടിത്താരങ്ങളെ' വരവേൽക്കാനൊരുങ്ങിയിരിക്കുന്നത്.