ന്യൂഡൽഹി: തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിനെയും റവന്യൂ വകുപ്പിനെയും പ്രതിയാക്കി സി.ബി.ഐ പുതിയ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, പിടിച്ചുപറി, തീവെട്ടിക്കൊള്ള, ക്രമസമാധാനം തകർക്കുന്ന നിലയിൽ നിയമം കൈയിലെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മേയ് 22ന് നടന്ന പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. സി.പി.എം ജില്ലാ സെക്രട്ടറി കെ. അർജുനന്റെ പരാതിയിലാണ് തിരിച്ചറിയപ്പെടാത്ത ചിലർക്കെതിരെയും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തത്. അന്വേഷണത്തിനായി ആഗസ്റ്റ് 14ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പ്രാഥമികാന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു.
പ്രക്ഷോഭത്തിന്റെ നൂറാം ദിനത്തിലാണ് സമരക്കാർ അക്രമാസക്തരായെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇവർക്കുനേരെ വെടിയുതിർത്തത്. വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.