തിരുവനന്തപുരം: പിറവം സെന്റ് മേരീസ് പള്ളിക്കേസിൽ വിമർശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വജയൻ. ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമർശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിക്കേസിലെ സുപ്രീംകോടതിവിധി നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന ഹർജി 16ന് ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ട്. അതും ശബരിമല കേസും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. പിറവം പള്ളിക്കേസിൽ സംസ്ഥാനസർക്കാർ കക്ഷിയല്ല. കാര്യങ്ങൾ വിശദമായി മനസിലാക്കാനാണ് ജഡ്ജിമാർ ചോദ്യം ചോദിക്കുന്നത്. അത് കോടതി നിലപാടാണെന്ന് പറയാനാവില്ല. പിന്നീട് വരുന്ന കോടതി ഉത്തരവിൽ അതുണ്ടാകില്ല. മാദ്ധ്യമങ്ങളും ഇക്കാര്യം മനസിലാക്കണം. കോടതി ചോദിച്ച ചോദ്യങ്ങൾക്ക് അഡ്വക്കറ്റ് ജനറൽ മറുപടി നല്കിയിട്ടുണ്ട്. കോടതി ഉത്തരവ് പുറത്തുവന്നിട്ടുമില്ല.
പിറവം പള്ളികേസിൽ കോടതിയലക്ഷ്യനടപടി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി ഈ മാസം 19ന് വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ എതിർകക്ഷിയാക്കി ഓർത്തഡോക്‌സ് സഭയാണ് കോടതിയെ സമീപിച്ചിരുന്നത്. കോടതിവിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് എം.കെ. ജോർജും കൂട്ടരും നൽകിയ ഹർജി സമവായചർച്ച നടക്കുന്നെന്ന് കാട്ടി 2019 മാർച്ചിലേക്ക് മാറ്റി. സമവായചർച്ചകൾ സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പിറവം പള്ളിക്കേസ് പരിഗണിക്കെ ബുധനാഴ്ചയാണ് സർക്കാരിനെതിരായ പരാമർശം ഹൈക്കോടതി നടത്തിയത്. ശബരിമലയിൻ വൻപൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ, എന്തുകൊണ്ടാണ് പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്