vayalkilikal

കണ്ണൂർ: നെൽവയൽ നികത്തിയുള്ള റോഡ് നിർമ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി വയൽകിളികൾ. ഡിസംബർ 30ന് വയൽ പിടിച്ചെടുക്കൽ സമരം നടത്തുമെന്ന് സമരസമിതി പറഞ്ഞു. 'പരിസ്ഥിതി കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലാണ് സമരം നടത്തുന്നത്. മേധാപട്കറെ പോലുള്ള ദേശീയ നേതാക്കളെ പങ്കെടുപ്പിക്കുമെന്നും വയൽകിളികൾ സമരസമിതി അറിയിച്ചു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെയെന്ന് വ്യക്തമാക്കി ദേശീയപാതാ അതോരിറ്റിയുടെ വിജ്ഞാപനം എത്തിയ സാഹചര്യത്തിലാണ് വയൽകിളികൾ സമരം ശക്തമാക്കാനൊരുങ്ങുന്നത്.

കീഴാറ്റൂരിൽ സിപിഎമ്മും ബി.ജെ.പിയും ഒരുപോലെ വഞ്ചിച്ചെന്ന് വയൽകിളികൾ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ സമരസമിതി കൺവീനർ സുരേഷ് കീഴാറ്റൂർ ബിജെപി തനി സ്വഭാവം കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട് തന്നെയാണ്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകൾ ഹാജാരാകാനാണ് നിർദ്ദേശം.