kithab

കോഴിക്കോട്: മതസംഘടനകളുടെ നിരന്തര പ്രതിഷേധത്തെത്തുട‍ർന്ന് കിത്താബ് നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന് പിൻവലിച്ചു. നാടകം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് കൊണ്ട് നിരവധി സംഘടനകളാണ് രംഗത്ത് വന്നിരുന്നത്.നാടക രംഗങ്ങൾ പരിശോധിച്ചോൾ ഒരു പ്രത്യേക മതത്തെ മോശപ്പെടുത്തുന്ന സംഭാഷണങ്ങൾ ഉള്ളത് കൊണ്ടാണ് നാടകം പിൻവലിച്ചതെന്ന് പ്രിൻസിപ്പാൾ കേരള കൗമുദിയോട് പറഞ്ഞു. പ്രതിഷേധം ഭയന്നല്ല പിൻമാറ്റം എന്നും അവർ കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലാ കലോത്സവത്തിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം നേടിയ നാടകമാണ് 'കിത്താബ്'. പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമാണിത്. ഒരു മുക്രിയുടെ മകൾ 'വാങ്ക്' വിളിക്കാൻ ആഗ്രഹിക്കുന്നതാണ് നാടകത്തിന്റ ഇതിവൃത്തം.ഇസ്ലാം മതത്തിലെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന നാടകം ഇസ്ളാം വിരുദ്ധതയാണ് ചൂണ്ടിക്കാട്ടുവെന്നാണ് മത സംഘടനക‍ൾ പറയുന്നത്.

പള്ളിയിൽ കയറി ബാങ്ക് വിളിക്കാനാഗ്രഹിച്ച പെൺകുട്ടിയുടെ കഥ അവതരിപ്പിച്ചത് ഇസ്ലാമിക വിശ്വാസത്തെ അപമാനിക്കാനാണെന്ന വാദമുയർത്തിയാണ് ഇസ്ലാമികസംഘടനകൾ നാടകത്തിനെതിരെ വാളോങ്ങിയത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ പുതിയ നാടകം അവതരിപ്പിക്കുന്നില്ലെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.