വാഷിങ്ടൺ: താൻ ഇതുവരെ ചെയ്ത 90 കൊലപാതകങ്ങളെ കുറിച്ച് വെളിപ്പെടുത്തി എഫ്.ബി.ഐയെ ഞെട്ടിച്ചിരിക്കുകയാണ് തടവുകാരൻ. ലഹരിമരുന്ന് കേസിൽ 2012ൽ ജയിലിലായ സാമുവൽ ലിറ്റിൽ എന്നയാളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് എഫ്.ബി.ഐയുടെ റിപ്പോർട്ട്. താൻ 90കൊലപാതകങ്ങൾ നടത്തിയെന്നാണ് സാമുവൽ പറയുന്നത്. ജയിലിലായിരിക്കെ തന്നെ മൂന്ന് സ്ത്രീകളുടെ കൊലപാതവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സാമുവൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.
ക്രൂരമായി മർദ്ദിച്ചും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചുമാണ് മൂന്ന് സ്ത്രീകളെയും കൊന്നതെന്ന് സാമുവൽ തുറന്നു പറഞ്ഞത്. തുടർന്ന് താൻ നടത്തിയ ഓരോ കൊലപാതകങ്ങളെയും കുറിച്ച് സാമുവൽ തുറന്ന് പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ എഫ്.ബി.ഐ ക്രൈം അനലിസ്റ്റായ ക്രിസ്റ്റീന പലാസോളോ നടത്തിയ അഭിമുഖത്തിലാണ് സാമുവൽ തന്റെ 90കൊലപാതകങ്ങളെയും കുറിച്ച് വിശദീകരിച്ചത്.
മുൻകാല ബോക്സിംഗ് താരമായിരുന്നു സാമുവൽ മെക്ഡൊവൽ. ഇയാൾ കൊന്നതിലേറെയും വേശ്യകളും ലഹരിമരുന്നിന് അടിമകളെയുമായിരുന്നു. ശ്വാസം മുട്ടിച്ചും മർദ്ദിച്ചുമാണ് മിക്കവരെയും കൊന്നത്. വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ അപകടമരണമായും ലഹരിമരുന്നിന്റെ അമിതോപയോഗം മൂലമുള്ള മരണമായുമൊക്കെയേ ഇവ പരിഗണിക്കപ്പെട്ടിരുന്നുള്ളു. പലരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടിട്ട് പോലുമില്ല. 90പേരിൽ 34പേരുടെ കൊലപാതകങ്ങൾ നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം എഴുപത്തിയെട്ടുകാരനായ സാമുവലിനെതിരെ ശിക്ഷ വിധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോടതി.