devaswom-board-election

തിരുവനന്തപുരം: ദേവസ്വം ബോർഡുകളിലെ ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കെ. രാഘവൻ വിരമിച്ച ഒഴിവിലേക്ക് പട്ടികജാതി വിഭാഗം അംഗമായി തിരുവനന്തപുരത്ത് നിന്നുള്ള അഡ്വ. എൻ. വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം നോമിനിയാണ്.

മലബാർ ദേവസ്വംബോർഡിലെ രണ്ട് ഒഴിവുകളിലേക്ക് ഒ.കെ. വാസുവിനെയും (സി.പി.എം), പി.പി. വിമലയെയും (സി.പി.ഐ) തിരഞ്ഞെടുത്തു.

നിയമസഭയിലെ ഹിന്ദു അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ 11 വോട്ടുകൾ വീതവും ഇടത് സ്ഥാനാർത്ഥികൾ 61 വോട്ടുകൾ വീതവുമാണ് നേടിയത്. രഹസ്യ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. തിരുവിതാംകൂർ ദേവസ്വംബോർഡിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രിയംവദയും മലബാർ ദേവസ്വംബോർഡിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥികളായി പടന്നയിൽ പ്രഭാകരൻ, കെ. രാമചന്ദ്രൻ എന്നിവരുമായിരുന്നു മത്സരിച്ചത്.

കൊച്ചി ദേവസ്വംബോർഡിലേക്ക് എം.കെ. ശിവശങ്കരൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ കെ. ശശിധരൻ നായർ ആയിരുന്നു വരണാധികാരി.