chandra

ഹൈദരാബാദ്: തെലുങ്കാന നിയമസഭയിലേക്ക് മത്സരിക്കുന്ന കാണാതായ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ചന്ദ്രമുഖി പൊലീസിനു മുന്നിൽ ഹാജരായി. തെലുങ്കാന നിയമസഭയിലേക്കു സി.പി.എം നേതൃത്വത്തിലുള്ള ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന എം.ചന്ദ്രമുഖിയെ (32) ചൊവ്വാഴ്ച മുതലാണ് കാണാതായത്. തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

വാർത്തകൾ വന്നതിനെതുടർന്നു ബുധനാഴ്ച രാത്രിയിൽ ഇവർ പൊലീസ് സ്റ്റേഷനിൽ ഹാജരായെന്നു അസി. കമ്മിഷണർ കെ.ശ്രീനിവാസ റാവു പറഞ്ഞു. എന്നാൽ എവിടേക്കാണു പോയതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇവരെ തട്ടിക്കൊണ്ടുപോയെന്നും വാർത്തകൾ പരന്നിരുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായകനായ ബി.ജെ.പി എം.എൽ.എ രാജാ സിംഗും മുതിർന്ന കോൺഗ്രസ് നേതാവ് മുകേഷ് ഗൗഡുമാണ് ഇവരുടെ എതിർസ്ഥാനാർത്ഥികൾ.