dewasawm-board

തിരുവനന്തപുരം: തിരുവിതാകൂർ, മലബാർ ദേവസ്വം ബോർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്ത് നിന്ന് സി.പി.എം അംഗം കെ.വി. വിജയദാസും കേരള കോൺഗ്രസ്- ബി അംഗം കെ.ബി. ഗണേശ് കുമാറും വോട്ടെടുപ്പിനെത്തിയില്ല. വിജയദാസ് കർഷകസംഘത്തിന്റെ പരിപാടിയുമായി ഡൽഹിയിലാണ്. ഗണേശ്കുമാർ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ എത്തിയില്ലെന്നാണ് വിശദീകരണം.

അതേസമയം,കോൺഗ്രസ് അംഗം വി.ടി. ബൽറാം സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്യാനെത്തിയില്ല. ഹിന്ദു അംഗമായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് വോട്ടെടുപ്പിൽ നിന്ന് ഒഴിവാക്കാൻ അഭ്യർത്ഥിച്ച് ബൽറാം കത്ത് നൽകിയിരുന്നു. എന്നാൽ സാങ്കേതികമായി അതിന് കഴിയില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിച്ചു. രഹസ്യബാലറ്റായതിനാൽ വിപ്പ് ഇല്ലായിരുന്നത് ബൽറാമിന് വിട്ടുനിൽക്കാൻ സൗകര്യവുമായി.