ന്യൂഡൽഹി: കഴിഞ്ഞ നാല്പത് ദിവസമായി ആഗോള വിപണിയിലുണ്ടായ ക്രൂഡോയിൽ വിലയിടിവിനെ തുടർന്ന് ആഭ്യന്തര വിപണിയിലും ഇന്ധനവില കുറയുന്നു. നിലവിലെ പെട്രോൾ വില കഴിഞ്ഞ എട്ട് മാസത്തെ താഴ്ന്ന നിലയിലാണ്. അതേസമയം ഡീസൽ വില കഴിഞ്ഞ മൂന്ന് മാസത്തെ താഴ്ന്ന നിലയിലുമെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പെട്രോൾ വിലയിൽ 33 പൈസയും ഡീസൽ വിലയിൽ 36 പൈസയുടെയും കുറവുണ്ടായിട്ടുണ്ട്. ഡൽഹിയിൽ വ്യാഴാഴ്ച പെട്രോളിന് 73.24 രൂപയും, മുംബയിൽ 78.80രൂപയുമാണ്. ഡീസലിന് 68.31രൂപയും 71.33രൂപയുമാണ് വില.
കഴിഞ്ഞ ആറ് ആഴ്ചകളിലായി പെട്രോളിന് പത്ത് രൂപയും ഡീസലിന് ഏഴ് രൂപയും കുറവ് വന്നിട്ടുണ്ട്. ഒപെക് രാജ്യങ്ങൾ എണ്ണ ഉത്പാദനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതോടെയാണ് ആഗോള വിപണിയിൽ എണ്ണ വില കുറയാൻ കാരണം. ട്രംപ് ഭരണകൂടത്തിന്‍റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉത്പാദനം വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവിലുള്ള എണ്ണ ഉത്പാദനമാണ് നവംബറിൽ സൗദി നടത്തിയതെന്നാണ് റി്പോർട്ടുകൾ..