ഐന്തോവൻ: സൂപ്പർ താരം ലയണൽ മെസിയുടെ മാസ്മരിക പ്രകടനത്തിന്റെ മികവിൽ ബാഴ്‌സലോണ ഗ്രൂപ്പ് റേതാക്കളായി ചാമ്പ്യൻസ് ലീഗ് ഫുട്‌ബാളിന്റെ പ്രീക്വാർട്ടറിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ഡച്ച് ക്ളബ് പി.എസ്.വി. ഐന്തോവനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് അവരുടെ തട്ടകത്തിൽ തോല്‍പിച്ചാണ് ബാഴ്‌സ അവസാന 16-ൽ ഇടംപിടിച്ചത്.
ഒരുഗോൾ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്താണ് മെസി ബാഴ്‌സയുടെമിശിഹായായത്.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഡച്ച് ലീഗിൽതുടർച്ചയായ 13 ജയങ്ങൾ നേടിയതിന്റെ ആത്മവിശ്വാസത്തിൽസ്വന്തം തട്ടകത്തിലിറങ്ങിയ ഐന്തോവന്‍ ബാഴ്‌സയ്‌ക്കെതിരേ മികച്ച കളി കെട്ടഴിച്ച ശേഷമാണു തോൽവി വഴങ്ങിയത്. ആദ്യപകുതിയിൽ സ്പാനിഷ് വമ്പന്മാരെ വിറപ്പിക്കാനും അവർക്കായി. ആദ്യ 45 മിനിട്ടിനിടെ കനത്ത ആക്രമണം നടത്തിയ ആതിഥേയർ മൂന്നു തവണ ഗോളിന് അടുത്തെത്തിയതാണ്.
ആദ്യപകുതിയിൽ ബാഴ്‌സയും രണ്ടു തവണ ലീഡ് നേടിയെന്നു തോന്നിപ്പിച്ചിരുന്നു. അർട്യൂറോ വിദാൽ തൊടുത്ത രണ്ടു ഷോട്ടുകൾ ഗോൾലൈനിൽ നിന്നു രക്ഷിച്ചാണ് ഐന്തോവർ ഗോൾരഹിത സമനിലയിൽ ഇടവേളയ്ക്കു പിരിഞ്ഞത്.
ഇടവേളയ്ക്കു ശേഷം ആക്രമിച്ചു കയറിയ മെസി ഐന്തോവൻ പ്രതിരോധത്തെ പലതവണ കീറിമുറിച്ചു. 61-ാം മിനിട്ടിൽ ടീമിന് നിർണായക ലീഡും സമ്മാനിച്ചു.ഡെംപ്‌ലെയുമായി പന്തു കൈമാറി വന്ന ശേഷം അസാധ്യ ആംഗിളിൽ നിന്നായിരുന്നു മെസിയുടെ ഗോൾ. ബോക്‌സിനു പുറത്ത് ഡെംപ്‌ലെയ്ക്കു പാസ് നല്‍കിയ ശേഷം ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ മെസി പന്ത് തിരികെ സ്വീകരിച്ചു നാലു പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഷോട്ടുതിർക്കുകയായിരുന്നു.
ലീഡ് നേടിയതോടെ ആക്രമണം വർധിപ്പിച്ച ബാഴ്‌സ ഒമ്പതു മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി. മെസിയുടെ ഫ്രീകിക്കിൽ നിന്ന് ജെറാർഡ് പിക്വെയാണ് വലകുലുക്കിയത്.
81-ാം മിനിറ്റില്‍ നായകൻ ലുക്ക് ഡി ജോങ്ങിലൂടെ പി.എസ്.വി ഒരു ഗോൾ മടക്കിയെങ്കിലും ബാഴ്‌സയുടെ വിജയം തടയാൻ സാധിച്ചില്ല. ഗ്രൂപ്പ് ബിയിൽ 13 പോയിന്റുമായി ജേതാക്കളായാണു ബാഴ്‌സ നോക്കൗട്ട് ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാഴ്സ ടോട്ടനത്തെ നേരിടും.
കഴിഞ്ഞരാത്രി നടന്ന മറ്റൊരു പോരാട്ടത്തിൽ വമ്പന്മാരായ ലിവർപൂളിനെ മലർത്തിയടിച്ച് ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി. നോക്കൗട്ട് പ്രതീക്ഷ കാത്തു. സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു പി.എസ്.ജിയുടെ ജയം. തോൽവിയോടെ ചാമ്പ്യൻസ് ലീഗില്‍ ഗ്രൂപ്പ് സ്‌റ്റേജിൽ തന്നെ പുറത്താകലിന്റെ വക്കിലാണ് ലിവർപൂൾ.
മത്സരത്തിന്റെ 13-ാം മിനിട്ടിൽ യുവാൻ ബെർനറ്റിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. 37-ാം മിനിട്ടിൽനെയ്മറിലൂടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കും മുൻപ് ലഭിച്ച പെനാൽട്ടി വലയിലെത്തിച്ച് ജെയിംസ് മിൽനർ ലിവർപൂളിനായി ഗോൾ മടക്കി.
അഞ്ചു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലിവർപൂള്‍. ഒമ്പതു പോയിന്റുമായി നാപ്പോളി ഒന്നാമതുള്ളപ്പോൾ ലിവർപൂളിന്റെ നോക്കൗട്ട് സാധ്യതകൾമങ്ങി. ഇതോടെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ അവസാന മത്സരത്തില്‍ നാപ്പോളിയോട് രണ്ടു ഗോളിനെങ്കിലും വിജയിക്കണം. ഗ്രൂപ്പ് സിയില്‍ അഞ്ചു കളികളില്‍ നിന്ന് ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുള്ള നാപ്പോളിയാണ് ഒന്നാമത്. എട്ടുപോയിന്റുള്ള പി.എസ്.ജി. രണ്ടാമതുണ്ട്.
മൊണാക്കോയെ തുരത്തി അത്‌ലറ്റിക്കോ
മാഡ്രിഡ്: സ്വന്തം മൈതാനത്ത് ഫ്രഞ്ച് €ബ്ബ് മൊണാക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ കടന്നു.
രണ്ടാം മിനിറ്റില്‍ കോക്കെയാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ രണ്ടാം ഗോളും കണ്ടെത്തി. തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു അത്‌ലറ്റിക്കോയുടെ മൈതാനത്ത് കണ്ടത്.
പന്ത് കൈകൊണ്ട് തൊട്ടതിന് 82-ാം മിനിറ്റില്‍ സ്‌റ്റെഫാന്‍ സാവിച്ച് ചുവപ്പു കാര്‍ഡ് കണ്ടത് ജയത്തിനിടയിലും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. ഇതിനു ലഭിച്ച പെനാല്‍റ്റി റഡാമല്‍ ഫാല്‍കാവോ നഷ്ടപ്പെടുത്തുകയും ചെയ്തു. ജയത്തോടെ ഗ്രൂപ്പ് എയില്‍ 12 പോയിന്റോടെ അത്‌ലറ്റിക്കോയാണ് മുന്നില്‍.
മറ്റു മത്സരങ്ങളില്‍ ഇറ്റാലിയന്‍ €ബ്ബ് ഇന്റര്‍ മിലാനെ ടോട്ടനം ഹോട്ട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റിയന്‍ എറിക്‌സനാണ് 80ാം മിനിറ്റില്‍ ടോട്ടനത്തിനായി സ്‌കോര്‍ ചെയ്തത്. നാപ്പോളി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും എഫ്.സി പോര്‍ട്ടോ ഷാല്‍ക്കയെയും തോല്‍പിച്ചു.