ചെന്നൈ : പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കാശിമേട് സ്വദേശിയായ സെലസ്റ്റീന (25) എന്ന യുവതിയാണ് അറസ്റ്റിലായത്. കുഞ്ഞിനെ രണ്ടുതവണ നിലത്തിട്ട് കൊന്ന ശേഷം, കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതാണെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
നവംബർ 12നാണ് മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചതായി സെലസ്റ്റീന തന്റെ അമ്മയെ അറിയിക്കുന്നത്. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ സ്റ്റാൻലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്ന് പൊലീസ് മനസിലാക്കിയത്. തുടർന്ന് കാശിമേട് പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം തുടങ്ങി.
അന്വേഷണത്തിനിടെ സെലസ്റ്റീന നൽകിയ മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെതുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തു.. ചോദ്യം ചെയ്യലിൽ സെലസ്റ്റീന കുറ്റം സമ്മതിക്കുകയായിരുന്നു.
സെലസ്റ്റിനയും ഭർത്താവ് സത്യരാജ് കാശിമേട് ശിങ്കാരവേലൻ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഇവർക്ക് ഒന്നരവയസുള്ള ഒരു മകളുണ്ട്. മൂത്ത കുട്ടി പെൺകുഞ്ഞായതിന്റെ പേരിൽ ഭർത്താവ് സത്യരാജ് തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയായതോടെ ഭർത്താവ് തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സെലസ്റ്റീന പൊലീസിന് മൊഴി നല്‍കി.