കാനഡ: പോൺ വെബ് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യൻ ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമെന്ന് പോൺ ഹബ് വൈസ് പ്രസിഡന്റ് കൊറെ പ്രൈസ്. വെബ്‌സൈറ്റുകൾക്ക് ക നിരോധനം ഏർപ്പെടുത്തുന്നത് ജനങ്ങളെ അപകടകരമായ വെബ്‌സൈറ്റുകളിലേക്കും നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകളിലേക്കും കോറെ പ്രൈസ് പറഞ്ഞു.
ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് 827 പോൺ വെബ്‌സൈറ്റുകൾക്ക് ടെലികോം കമ്പനികൾ വിലക്കേർപ്പെടുത്തണമെന്ന ടെലികോം മന്ത്രാലയത്തിന്റെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രിയ അഡൾട്ട് വെബ്‌സൈറ്റുകളിലൊന്നായ പോൺ ഹബ്ബും പട്ടികയിലുണ്ട്.
രാജ്യം നേരിടുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കാത്തതിന് അഡൾട്ട് വെബ്‌സൈറ്റുകളെ ബലിയാടാക്കുകയാണെന്നും പ്രൈസ് പറയുന്നു. കർശനമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന തങ്ങളെ പോലുള്ള വെബ്‌സൈറ്റുകൾ നിരോധിക്കുന്നത് ഇന്ത്യയിലെ ജനങ്ങളോടുള്ള അന്യായമാണ്. അത് നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകളിലേക്കും അപകടകരമായ വെബ്‌സൈറ്റുകളിലേക്കും ജനങ്ങളെ നയിക്കും.
നിരോധനത്തിന്റെ അനന്തരഫലം എന്താണെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക് ഇല്ലാതായിട്ടുണ്ട്. പോൺ ഹബ്ബിന്റെ ലോകത്തെ ഏറ്റവും വലിയ വിപണികളിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. അലക്‌സ റാങ്ക് പട്ടികയിൽ ലോകത്തെ ജനപ്രിയ വെബ്‌സൈറ്റുകളിൽ 29ാം സ്ഥാനമാണ് പോണ്‍ ഹബ്ബിനുള്ളത്.
എന്നാൽ വി.പി.എൻ നെറ്റ്‌വർക്കിലുള്ള ട്രാഫിക്ക് കൂടിയിട്ടുണ്ടെന്ന് പ്രൈസ് ചൂണ്ടിക്കാട്ടി. ഐ.പി അഡ്രസ് മറച്ചുവെച്ച് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് വി.പി.എൻ അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്.
സർക്കാർ തീരുമാനത്തോട് എതിർപ്പുണ്ടെങ്കിലും ഇതു സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറിലാണ് ഐ.ടി മന്ത്രാലയം 827 വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്താൻ ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പട്ടത്. തുടർന്ന് മന്ത്രാലയം ഇന്റർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകുകയായിരുന്നു. റിലയൻസ് ജിയോയാണ് ആദ്യം വെബ്‌സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ മറ്റ് കമ്പനികളും ഉത്തരവ് നടപ്പിലാക്കി.