ഇസ്ലാമാബാദ്: വിവാദമായ ട്വീറ്റിലെ പരമാർശത്തെക്കുറിച്ച് വിശദീകരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങൾ കൈയടക്കിയിരിക്കുന്നു എന്നായിരുന്നു ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചത്. ഇത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ചായിരുന്നില്ല എന്നാണ് ഇമ്രാൻഖാന്റെ വിശദീകരണം. എന്നാൽ പരാമർശം ആരെക്കുറിച്ചാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇരുരാജ്യങ്ങളുമായുള്ള സമാധാന ചർച്ചകൾക്ക് അഭിപ്രായ ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിന്റെ പേരിൽ ചർച്ച നടക്കാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബറിൽ യു.എൻ സമ്മേളനത്തിനിടെ ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാർ തമ്മിൽ നടക്കാനിരുന്ന ചർച്ചയിൽ നിന്ന് ഇന്ത്യ പിൻമാറിയതിനെ തുടർന്നായിരുന്നു ഇമ്രാൻഖാന്റെ വിവാദ ട്വീറ്റ്. സമാധാന ചർച്ചകളിൽ. നിന്നുള്ള ഇന്ത്യയുടെ പിൻമാറ്റത്തിൽ നിരാശയുണ്ട്. തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ വലിയ സ്ഥാനം കൈയടക്കിയ ചെറിയ മനുഷ്യർക്ക് വിശാലമായ കാഴ്ചപ്പാട് ഉണ്ടാകുന്നില്ലെന്നായിരുന്നു ട്വീറ്റ്. എന്നാൽ ട്വീറ്റിനെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിരുന്നില്ല.
പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണവും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പാകിസ്ഥാൻ ഭീകരവാദ പ്രവർത്തനം നിറുത്തിയാലല്ലാതെ പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കുമില്ലെന്നായിരുന്നു സുഷമ പറഞ്ഞത്.