ഹൈദരാബാദ്: തെലങ്കാനയിൽ അധികാരംപിടിക്കാൻ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് നോക്കുകയാണ് ബിജെപി. തെലങ്കാനയിലെ പ്രകടന പത്രിക വാഗ്ദാനങ്ങളുടെ അക്ഷയപാത്രമാക്കിയിരിക്കുകയാണ് ബിജെപി. കർഷകരുടെ രണ്ട് ലക്ഷം രൂപ പരെയുള്ള വായ്പ എഴുതി തള്ളുമെന്നും ബിരുദ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. കൂടാതെ വിജയിപ്പിച്ചാൽ ജനങ്ങൾക്ക് പ്രതിവർഷം ഒരു ലക്ഷം പശുക്കളെ നൽകുമെന്നുമാണ് വാഗ്ദാനം. ബിജെപി തെലങ്കാന പ്രസിഡന്റ് കെ.ലക്ഷ്മൺ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.
നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരും
മദ്യ വിൽപ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങൾകൊണ്ടുവരും
റോഹിങ്ക്യൻ മുസ്ലീങ്ങളെ നാടുകടത്തും
കർഷകർക്ക് വിത്തും പമ്പുസെറ്റുകളും സൗജന്യമായി നൽകും
ഏഴുമുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സൈക്കിളുകൾ നൽകും.
ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന പെൺകുട്ടികൾക്ക് 50 ശതമാനം സബ്സിഡിയോടെ സ്കൂട്ടർ നൽകും
2022 ആകുമ്പോഴേക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും രണ്ടുമുറികളുള്ള വീടുകൾ നിർമിച്ചുനൽകും. നിർമാണം പൂർത്തിയാകുന്നതുവരെ വാടകയ്ക്ക് താമസിക്കുന്നവരുടെ 5000 രൂപ വരെയുള്ള വാടക സർക്കാർ അടയ്ക്കും.
തെലങ്കാനയിൽ കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കും.
എല്ലാ ജില്ലാകേന്ദ്രങ്ങളിലും ജെനറിക് മരുന്നുകൾക്കായുള്ള കേന്ദ്രം ഒരുക്കും.
തൊഴിലില്ലാത്തവർക്ക് പ്രതിമാസം 3116 രൂപ വേതനം നൽകും.
പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയും 12 ഗ്രാം സ്വർണവും സൗജന്യമായി നൽകും.
കൈലാസ മാനസസരോവര യാത്ര, കാശി, പുരി എന്നീ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് യാത്രാ ചിലവില് സബ്സിഡി നൽകും.
എല്ലാ മദ്രസകളിലും നൈപുണ്യ വികസന ക്ലാസുകൾ ഒരുക്കും.
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബെംഗാളി, ഒറിയ തുടങ്ങിയ ഭാഷാ ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ബോർഡ് രൂപീകരിക്കും. ഇതിനായി 100 കോടി രൂപ നീക്കിവെക്കും.
ഇവയൊക്കെയാണ് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. ഡിസംബർ ഏഴിനാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുക.