തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി ടി.എം.തോമസ് തോമസ് ഐസക്. ഒരു വിഷയത്തിൽ ഊന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി ഇറങ്ങുകയാണ് രമേശി ചെന്നിത്തലയെന്ന് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പരാമർശിത വിഷയത്തിൽ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഈ അടവ്. സ്ത്രീകളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ആർത്തവശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാൽ 51 വെട്ടിനെക്കുറിച്ചു പറയുന്ന സ്വഭാവമാണ് ചെന്നിത്തലയുടേതെന്ന് ഐസക് പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെ ഐസക് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിനാണു മന്ത്രിയുടെ മറുപടി.
ആർഎസ്എസുകാരായ വത്സൻ തില്ലങ്കേരി മുതൽ കെ.സുരേന്ദ്രൻ വരെയുള്ളവരാണു ശബരിമലയിലെ നിയന്ത്രണങ്ങൾക്കു കാരണക്കാർ. അവരിൽ ചിലർ ഇപ്പോൾ ജയിലിലാണ്. എന്തുകൊണ്ടാണ് അവർക്കെതിരെ ഒരക്ഷരം സഭയിലോ പുറത്തോ പ്രതിപക്ഷ നേതാവ് ഉച്ചരിക്കാത്തതെന്നും ഐസക് ചോദിച്ചു. ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കാൻ വരുന്നത് ആർഎസ്എസുകാരാണ്. നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി സമരം ഉപേക്ഷിച്ചു പോകേണ്ടിവന്നതും അവർക്കാണ്. അവരുടെ വക്കാലത്തെന്തിന് രമേശ് ചെന്നിത്തല ഏറ്റെടുക്കണമെന്നും ഐസക് ചോദിച്ചു.